കൊച്ചി: ദേശീയ ഗെയിംസില്‍ വാള്‍ത്തലപ്പുകളുടെ കിന്നരം നാളെ മുതല്‍. വൈകിട്ട് അഞ്ചിന് നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്വന്ഷന് സെന്ററില്‍ തുറമുഖ, ഫിഷറീസ്, എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ഫെന്‍സിങ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്യാന്തര ക്രിക്കറ്റ് അമ്പയറും കസ്റ്റംസ് കമ്മീഷണറുമായ ഡോ. കെ.എന്‍. രാഘവന്, റൂറല്‍ എസ്.പി യതീഷ് ചന്ദ്ര, സിയാല്‍ ഡയറക്ടര്‍ എ.സി.കെ. നായര്‍, നടി നമിത പ്രമോദ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയിരിക്കുന്ന താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം. ഉദ്ഘാടനത്തിന് ശേഷം ഒരു മണിക്കൂര്‍ നീളുന്ന സാംസ്കാരികപരിപാടികളും അരങ്ങേറും. യുവജനോത്സവ പ്രതിഭകള്‍ക്കൊപ്പം പിന്നണി ഗായകരായ രഞ്ജിനി ജോസ്, മിന്നലെ നസീര്‍, സമദ് എന്നിവര്‍ അണിനിരക്കുന്ന ഗാനമേളയാണ് പ്രധാന ആകര്‍ഷണം. വിവിധ നൃത്ത ഇനങ്ങളും ഒന്നിനു പിറകെ ഒന്നായി വേദിയിലെത്തും.
മുപ്പതിനായിരം ചതുരശ്ര അടി വിസ്താരമുള്ള കണ്വന്ഷന് സെന്ററില്‍ രാജ്യാന്തര നിലവാരത്തിലുള്ള പിസ്റ്റെകളാണ് ഫെന്‍സിങിനായി ഒരുക്കിയിരിക്കുന്നത്. 108 വനിതകളും 113 പുരുഷന്മാരുമാണ് വിവിധ ഇനങ്ങളിലായി ഇവിടെ മാറ്റുരയ്ക്കുക. ഇതില്‍ 20 പേര് രാജ്യാന്തര താരങ്ങളാണ്. 24 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. വനിതകളും പുരുഷന്മാരും 12 പേര് വീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: