പരവൂര്‍: കൗണ്‍സിലര്‍മാര്‍പോലും അറിയാതെയും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും പരവൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് വളപ്പ് കുത്തകവ്യാപാരിക്ക് മേള നടത്താന്‍ വിട്ടുകൊടുത്ത നഗരഭരണക്കാരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും വന്‍അഴിമതിയാണ് ഇതിലുണ്ടായതെന്നും ബിജെപി പരവൂര്‍ മുനിസിപ്പല്‍ സമിതി ആരോപിച്ചു.
ചെറുകിട വഴിയോരക്കച്ചവടക്കാരില്‍നിന്ന് ചതുരശ്രഅടിക്ക് 100 മുതല്‍ 1000 രൂപ വരെ ഈടാക്കുന്ന നഗരസഭ മൈതാനത്തിന്റെ ഭൂരിഭാഗവും വിട്ടുകൊടുത്തിരിക്കുന്നത് ദിവസം 100 രൂപ വാടകയ്ക്കാണ്.
നേരത്തെ പ്രതിമാസം അരലക്ഷത്തോളം രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ 3000 രൂപയ്ക്ക് നല്‍കിയത്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന് പിന്നിലുള്ളത്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ബിജെപി മുനിസിപ്പല്‍ സമിതി ആവശ്യപ്പെട്ടു.
അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് കെ.ആര്. രവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കൃഷ്ണചന്ദ്രമോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍, പ്രദീപ്, സത്യന്, എന്‍.വി.കെ. ആശാന്, രാജേന്ദ്രന് പിള്ള, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: