ചവറ: ആറ് മാസം മുന്‍പ് ചവറ കെഎംഎംഎല്‍ കമ്പനിയില്‍ നിന്നും വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇനിയും നടപ്പായിട്ടില്ല. പരിസരത്തെ സ്കൂള്‍കുട്ടികള്‍ വിഷവാതകം ശ്വസിച്ച നിലയില്‍ തളര്‍ന്നുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാന്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ അത്തരം ചര്‍ച്ചകളില്‍ ഉറുത്തിരിഞ്ഞ തീരുമാനങ്ങളൊന്നും നടപ്പായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പിടിഎ സംയുക്തസമരസമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ്. എം കൊച്ചു പറമ്പില്‍, ചെയര്മാന് വി. ജ്യോതിഷ്കുമാര്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. പരിസരങ്ങളിലെ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട പരിഹാര നടപടികള്‍ക്കായി പിടിഎ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി കമ്പനി റസ്റ്റ്ഹൗസില്‍ വെച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ കമ്പനി അധികൃതര്‍, സമിതി നേതാക്കള്‍, വിദ്യാഭ്യാസ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സമിതി മുന്നോട്ട് വെച്ച പതിനൊന്നിന തീരുമാനങ്ങള്‍ നടപ്പാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയരായ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. വിഷവാതകം ചോര്‍ന്നാല്‍ അതറിയുന്നതിനായി ദുരന്ത മുന്നറിയിപ്പ് സംവിധാനം പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപിക്കും. സ്കൂള്‍കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും.
സ്കൂള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്തനിവാരണസമിതി പുനഃസംഘടിപ്പിക്കും. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കമ്പനിയില്‍ നിന്നും അടിയന്തിര ധനസഹായം ലഭ്യമാക്കും. കമ്പനിക്ക് സമീപമുളള വിദ്യാലയങ്ങളെ ദത്തെടുക്കുന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് പരിഗണിക്കും. ജില്ലാ കളക്ട്ര് ചെയര്‍മാനായ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും പരിസരവാസികള്‍ക്ക് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.
ദുരന്ത നിവാരണത്തിനുളള ബോധവല്കരണം വ്യാപകമാക്കും. കുട്ടികള്‍ക്ക് നിലവാരമുളള പോഷകാഹാരം നല്കുന്ന കാര്യം പരിഗണിക്കും. വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും തുടങ്ങിയ തീരുമാനങ്ങളാണ് നടപ്പിലാക്കാതെ അനന്തമായി നീളുന്നതെന്ന് കാണിച്ചാണ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്.
അതേസമയം അപകടരമായ രാസവസ്തുക്കളുടെ സ്വഭാവവും അവയുടെ അപകടസാധ്യത മനസിലാക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് കെഎംഎംഎല്ലിന്റെ സഹകരണത്തോടെ സംസ്ഥാനമൊട്ടാകെ ഹൈവേയുടെ ഇരുവശങ്ങളിലും വന്കിടരാസവ്യവസായ സ്ഥാപനങ്ങളുടെ സമീപമുള്ള എല്ലാ വിദ്യാലയങ്ങളിലും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കോവില്‍ത്തോട്ടം ലൂര്‍ദ്ദ് മാതാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് അദ്ധ്യക്ഷത വഹിക്കും. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.പ്രമോദ്, കെഎംഎംഎല്‍ എംഡി മൈക്കിള്‍ വേദ ശിരോമണി, പന്മന പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.യൂസഫ് കുഞ്ഞ്, വാര്‍ഡ് മെമ്പര്‍ സജിനിപോള്, ലൂര്‍ദ്ദ് മാതാ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശാലിനി മേരി, പിടിഎ പ്രസിഡന്റ് യോഹന്നാന് ആന്റണി, കെ.ജയചന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: