കൊട്ടാരക്കര: താലൂക്ക് വികസന സമിതി വഴിപാട് സമിതിയായി മാറുന്നു. ജനപ്രതിനിധികളും എത്തുന്നില്ല. താലൂക്കിന്റ സമഗ്ര വികസനത്തിന്റ ആണികല്ലാകേണ്ട വികസനസമിതികള്‍ വഴിപാടു സമിതികളായി മാറുന്നതായി ആക്ഷേപം. രണ്ട് എംപിമാരും നാല് എംഎല്‍എമാരും, താലുക്കിലെ മുഴുവന്‍ ത്രിതല പഞ്ചായത്ത് സാരഥികളും ഉള്‍പ്പടെ പങ്കെടുക്കേണ്ട സമിതിയില്‍ ആകെ എത്തുന്ന ജനപ്രതിനിധികളുടെ എണ്ണം വിരലിലെണ്ണാവുന്നതിലും താഴെയാണ്. ഇത് തന്നെയാണ് ഉദ്യേഗമേധാവികളുടെയും കാര്യം.
വകുപ്പ് തലവന്മാര് എത്തുന്നത് അപൂര്‍വമാണ്. പകരത്തിന് ആരെയെങ്കിലും വിട്ട് വഴിപാട് നടത്തുകയാണ് പതിവ്. ഇതുമൂലം താലൂക്കിലെ പല പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, പുതിയവ അവതരിപ്പിക്കാനോ കഴിയാറില്ല. സ്ഥിരമായി എത്തുന്ന ഭരണപക്ഷത്തുള്ള ആളില്ലാഘടകകക്ഷികളുടെ ഛോട്ടാനേതാക്കളുടെ വിഹാരകേന്ദ്രമാണിവിടം. ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി തങ്ങളുടെ ഭാഗം ന്യായീകരിച്ച് ഉദ്യേഗസ്ഥരെ തങ്ങളുടെ ചൊല്പടിക്ക് നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.
തങ്ങള്‍ പറയുന്നത് അനുസരിക്കാത്തവരെ സമിതില്‍ പരസ്യമായി ആക്ഷേപിച്ച് ഇവര്‍ ആനന്ദം കണ്ടെത്തുന്നു. ഇതെ തരത്തില്‍ മറുപടി പറയാന്‍ പറ്റാത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ആജ്ഞകള്‍ കേള്‍ക്കുന്നു. പ്രധാന കക്ഷികളായ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും പ്രതിനിധികള്‍ എത്താറില്ല. ബിജെപിയുടെ നോമിനിക്ക് ഇവിടെ പ്രവേശനവും ഇല്ല. ആദ്യകാലങ്ങളില്‍ വളരെ നല്ല രീതിയില്‍ താലൂക്ക് സഭ എന്ന പേരില്‍ മാസത്തില്‍ ഒരു തവണ നല്ല രീതിയില്‍ നടന്നുവന്നിരുന്നുവെങ്കിലും ബിജെപിയെ ഒഴിവാക്കാന്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ളവര്‍ക്ക് അംഗത്വം എന്നാക്കി മാറ്റി വികസനസമിതി എന്ന പേരും നല്‍കുകയായിരുന്നു.
വികസനകാര്യങ്ങള്‍ പോയിട്ട് കുടിവെള്ളം, ഗതാഗതപ്രശ്നങ്ങള്‍, ക്രമസമാധാനപ്രശ്നം, നിലം നികത്തല്‍ തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ പോലും സമിതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. ആവലാതികള്‍ക്ക് ഉടന്‍ പരിഹാരം എന്ന് ചില വകുപ്പുതലവന്മാര് പറയുമെന്നല്ലാതെ സമിതി ആദ്യം കൂടിയപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍പോലും ഇനിയും നടപ്പിലായിട്ടില്ല. അതില്‍ ഒന്നാണ് ഇന്നലത്തെ വികസന സമിതിയിലും ചര്‍ച്ചക്ക് വന്ന പുലമണ്‍ തോട് കയ്യേറ്റം അളന്ന് തിട്ടപെടുത്തലും കൊട്ടാരക്കരയുടെ ഗതാഗതക്കുരുക്കും.
ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആദ്യകാലങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും സമയം മെനക്കെടുത്താന്‍ ഇല്ലന്ന് പറഞ്ഞ് അവരും ഇപ്പോള്‍ എത്താറില്ല. താലൂക്കിന്റ സമഗ്രവികസനം രൂപികരിക്കാനും ചര്‍ച്ച ചെയ്ത് പരിഹാരം കാണാനും ജനപ്രതിനിധികളും വകൂപ്പ് തലവന്മാരും മാസത്തില്‍ ഒരുതവണ ഒരുമിച്ച് ഇരിക്കണമെന്ന് ആശയത്തിന് ചരമഗീതമെഴുതേണ്ട സമയം അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: