ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനം എന്തുകൊണ്ടും സ്മരണീയമായിരുന്നു. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ റിപ്പബ്ലിക്കായ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ബരാക് ഹുസൈന് ഒബാമാ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി വന്നുവെന്നത് അതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടാം. മറ്റെല്ലാ പ്രമുഖ രാഷ്ട്രത്തലവന്മാരേയും ആ ബഹുമതി നല്കി മുന്‍ സര്‍ക്കാരുകള്‍ ആദരിച്ചിട്ടുണ്ട്. എങ്കിലും ഒരമേരിക്കന്‍ പ്രസിഡന്റിന് ആ സ്ഥാനം നല്‍കിയത് ആദ്യമായിട്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ,് ചരിത്രത്തിലാദ്യമായാണ് രണ്ടുമണിക്കൂറിലേറെ സമയം തുറന്ന സ്ഥലത്തിരുന്ന് സൈനിക- സാംസ്കാരിക ഘോഷയാത്ര വീക്ഷിക്കുന്നതത്രേ. മഴ ചാറിയപ്പോള്‍ ചൂടിയ കുട മാത്രമാണ് മേലെയുണ്ടായിരുന്നത്.
അതിനുശേഷം നടന്ന ഔപചാരികവും അര്ദ്ധഔപചാരികവുമായ ഒട്ടേറെ ചടങ്ങുകളിലും നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരണശേഷം വികസിപ്പിച്ചുവന്ന സൗഹൃദത്തിന്റെ അന്തരീക്ഷം കൂടുതല്‍ ദൃഢമായതായി കണ്ടു. ഒരു നയതന്ത്ര വിദഗ്ദ്ധന് ചൂണ്ടിക്കാട്ടിയതുപോലെ കഴിഞ്ഞ ഇരുപതു വര്‍ഷമായി നിലനിന്ന ആണവോര്‍ജ സംഭാഷണങ്ങളിലെ അമേരിക്കയുടെ കടുംപിടുത്തവും വല്യമ്മാവന് നാട്യവും ഒഴിവാക്കി ഇരുരാജ്യങ്ങളും യോജിച്ച് ചര്‍ച്ചകളും സമാധാനവും കണ്ടെത്താമെന്ന സംയുക്ത പ്രസ്താവന നരേന്ദ്രമോദി നടത്തിയ നയതന്ത്ര സമീപനങ്ങളുടേയും രാജ്യതന്ത്രജ്ഞതയുടെയും വിജയമായിരുന്നു. പരമ്പരാഗത വെള്ള അമേരിക്കന്‍ മനോഭാവത്തിനു മുന്നില്‍, വെറും നികൃഷ്ട ജന്മത്തിലായിരുന്ന തനിക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും പദവിയും നേടിയെടുക്കാന്‍ കഴിഞ്ഞത് അമേരിക്കയുടേയും, ചായവില്‍പ്പനക്കാരനായി ബാല്യം കഴിച്ചു വളര്‍ന്ന ലോകത്തെ ഏറ്റവും വലിയ ജനായത്തത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞത് ഭാരതത്തിന്റെയും ജനാധിപത്യത്തിന്റെ കരുത്താണ് വിളിച്ചോതുന്നതെന്നും ഒബാമ പറയുകയുണ്ടായി. സ്വാമി വിവേകാനന്ദനെയും മഹാത്മാഗാന്ധിയേയും മാര്ട്ടിന് ലൂഥര്‍ കിംഗിനേയും അവരുടെ ആത്മീയവും മാനവസ്നേഹപരവുമായ വചനങ്ങളുടെയും പ്രവൃത്തിയുടെയും പേരില്‍ ഒന്നിലേറെ തവണ അദ്ദേഹം അനുസ്മരിച്ചു. ഒരുവര്‍ഷം മുമ്പുവരെയും അമേരിക്കയില്‍ പ്രവേശിക്കാന്‍ അവിടുത്തെ അധികൃതര്‍ അനുമതി നിഷേധിച്ച നരേന്ദ്രമോദിയെ ഐക്യനാടുകള്‍ കണ്ട ഏറ്റവും ആഘോഷപൂര്‍ണമായ വരവേല്‍പ്പു നല്കാന് ആ രാജ്യത്തെ ഭരണകൂടം നിര്‍ബന്ധിതമായി. അതുകൊണ്ടുതന്നെയാവണം രണ്ടുതവണ ഭാരതം സന്ദര്‍ശിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാകാന്‍ അദ്ദേഹം തയ്യാറായതും. മാത്രമല്ല അവര്‍ തമ്മിലുള്ള അടുപ്പത്തിന് വ്യക്തിപരമായ ഒരു ആത്മീയതയും കൈവന്നതായി കണ്ടു. പലയവസരങ്ങളിലും നരേന്ദ്രമോദി ഒബാമയെ ബരാക് എന്ന ഒന്നാം പേരുപയോഗിച്ചു തന്നെ സംബോധന ചെയ്തതും പരാമര്‍ശിച്ചതും പലരും ശ്രദ്ധിച്ചു. അതു പ്രോട്ടോക്കോള്‍ ലംഘനമായി ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഏറ്റവും നിര്‍ണായകമായ സന്ദര്‍ശനത്തിനിടയില്‍ ‘ചോരതന്നെ കൗതുക’മാക്കിയ ചില കൊതുകുകളുടെ മൂളലും ഉണ്ടായി. ഭാരത ഭരണഘടനയെയും സര്‍വമത സമഭാവത്തേയും പ്രശംസിച്ചുകൊണ്ട് ഒബാമ സംസാരിച്ചതിനെ സംഘപരിവാറിന്റെ ഘര്‍വാപസിയെ പരോക്ഷമായി വിമര്‍ശിച്ചതാണെന്നും അത് മോദിക്ക് നല്കിയ താക്കീതാണെന്നും കേരളത്തിലെ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കോലാഹലമുണ്ടാക്കി. ചാനല്‍ ചര്‍ച്ചാ വീരന്മാര്ക്കു ഒരു ദിവസത്തെ കൊയ്ത്തിന് അത് വക നല്കി. ബിജെപി ഭരണകാലത്ത് സെക്കുലറിസം തകര്‍ന്നുവീഴുന്നതിന്റെയും തീവ്ര ഹിന്ദുത്വം ആര്ത്തട്ടഹസിക്കുന്നതിന്റെയും കോലാഹലമുയര്ത്താതെ ഒരു ദിവസവും കടന്നുപോകാന്‍ അക്കൂട്ടര്‍ അനുവദിക്കില്ല. നരേന്ദ്രമോദിയുടെയും ബിജെപി മന്ത്രിമാരുടേയും ഹിന്ദുമഹാസഭപോലുള്ള പ്രസ്ഥാനങ്ങളുടേയും വായില്‍നിന്നു വീഴുന്ന ഓരോ അക്ഷരവും സംഘപരിവാറിന്റേതെന്നു പറയപ്പെടുന്ന പത്രമാധ്യമങ്ങളുടെയും പുറങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സകലവാക്കുകളെയും ഭൂതക്കണ്ണാടി വെച്ചു പരിശോധിച്ച് സെക്കുലറിസ വൈരുദ്ധ്യവും തീവ്രഹിന്ദുത്വ പ്രചാരവും കണ്ടുപിടിക്കുകയാണക്കൂട്ടര്.
അത്തരക്കാര്‍ക്കു പൊട്ടിവീണു കിട്ടിയ ഒരമൂല്യനിധിയായിരുന്നു റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പത്രങ്ങള്‍ക്കു നല്കിയ ബഹുവര്‍ണ പരസ്യം. പരസ്യവാചകങ്ങളുടെ പശ്ചാത്തലമായി കൊടുത്തത് 1949 നവംബര്‍ 26-ാം തീയതി ഭരണഘടനാ നിര്‍മാണ സമിതി അംഗീകരിച്ചതും ഭാരതത്തിലെ ഏറ്റവും പ്രശസ്തരായ കാലിഗ്രാഫിസ്റ്റുകളുടെ കൈയെഴുത്തിലുള്ളതുമായ ഭരണഘടനയുടെ പ്രാക്കഥന (പ്രീയാംബിള്‍)ത്തിന്റെ പകര്‍പ്പായിരുന്നു. നമ്മുടെ ജനായത്തത്തിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠയായ ”ഗ്രന്ഥസാഹിബ്” ആയി കരുതപ്പെടാവുന്ന ഭരണഘടനയുടെ ആ പുറം പരസ്യത്തില്‍ കൊടുത്തതിനെ മതേതരത്വത്തിന്റെ കാവല്ഭടന്മാര്ക്കു രുചിച്ചില്ല.
കാരണം, ഭരണഘടനയുടെ ആദിമരൂപത്തില്‍ ഇന്ത്യയിലെ പരമാധികാര ജനായത്ത റിപ്പബ്ലിക് ആക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. 1949 മുതല്‍ 1976 വരെ ആ നില തുടര്‍ന്നു. ഇന്ത്യ എന്നല്ലാതെ ഭാരതമെന്ന വാക്ക് അതിലുണ്ടായിരുന്നില്ല. 26 വര്‍ഷങ്ങള്‍ക്കുശേഷം പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി തികച്ചും ഏകാധിപത്യപരമായ രീതിയില്‍ രാജ്യത്തെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടന ഉറപ്പുതന്നിരുന്ന മൗലികാവകാശങ്ങളെ സസ്പെന്‍ഡ് ചെയ്യുകയും മാത്രമല്ല ജൂഡിഷ്യറിയുടെ തന്നെ വായ മൂടിക്കെട്ടുകയും ചെയ്തു. മുഖ്യപ്രതിപക്ഷ നേതാക്കളേയും കോണ്‍ഗ്രസിലെ തന്നെ, തനിക്കെതിരാണെന്നു സംശയിക്കപ്പെട്ട ഒട്ടേറെപ്പേരെയും അര്‍ദ്ധരാത്രിയില്‍ വിളിച്ചുണര്‍ത്തി ആഭ്യന്തര സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്തു ജയിലുകളിലടച്ചു. സുപ്രീംകോടതിയിലെ ന്യായാധിപന്മാരെയും മറികടന്നു നടപടികളെടുത്തു. പത്രങ്ങള്‍ക്കു പ്രീ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിച്ചു. രാജ്യത്തെയും പാര്‍ലമെന്റിനെത്തന്നെയും തടവറയാക്കി. എന്നിട്ട് മതേതരത്വവും സോഷ്യലിസവും നടപ്പിലാക്കാനായി സെക്കുലര്‍ സോഷ്യലിസ്റ്റ് എന്ന രണ്ടുവാക്കുകള്‍ പ്രിയാംബിളില്‍ കൂട്ടിച്ചേര്‍ത്തു. ആ ഏച്ചുകെട്ടിയ പ്രിയാംബിളാണ് ഇന്നു ഭരണഘടനയിലുള്ളത്. അതായത് ഭരണഘടനാ ശില്‍പ്പികളായി അതിന്റെ ഓരോ വകുപ്പിലേയും ഓരോ വാക്കും അക്ഷരവും കൂലങ്കഷമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്കിയ ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്രപ്രസാദ്, വല്ലഭഭായി പട്ടേല്‍, മാവ്ലങ്കര്, അനന്തശയനം അയ്യങ്കാര്‍, കെ.എം.മുന്‍ഷി, ഡോ.ജോണ്‍ മത്തായി, അതു എഴുതിയുണ്ടാക്കിയ ഡോ.ഭീമറാവു അംബേദ്കര്‍ തുടങ്ങിയവരാരും സെക്കുലിറിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായിരുന്നില്ല എന്നാണ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്!
സെക്കുലറിസം അവിടെ നില്ക്കട്ടെ, സോഷ്യലിസം ഇന്നെവിടെയുണ്ട്. നെഹ്റുവും ഇന്ദിരാഗാന്ധിയും നവസമൂഹ നിര്‍മാണത്തിന് ആശ്രയിച്ചിരുന്ന സോവിയറ്റ് യൂണിയനും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും സോഷ്യലിസത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞുകഴിഞ്ഞു. ആ സോഷ്യലിസത്തേയും കെട്ടിപ്പിടിച്ച് പകല്‍ കിനാവുമായി കഴിയുന്ന കപടനാട്യക്കാരാണ് ഇവിടെ നെഞ്ചത്തടിച്ചു കരയുന്നത്.
മതേതരത്വം അഥവാ സെക്കുലറിസം ഇന്നാട്ടില് ഭരണഘടനയില്‍ എഴുതിവെച്ചതിനുശേഷമുണ്ടായതല്ല. ജനാധിപത്യത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെ എല്ലാവിധത്തിലുള്ള ചിന്തകളും എന്നിലേക്കൊഴുകട്ടെ എന്ന ഉപനിഷദ് വചനത്തെ മുറുകെപ്പിടിച്ച ഭാരത ജനത എല്ലാ മതവിശ്വാസങ്ങളെയും വിശ്വാസമില്ലായ്മയെയും ഒരുപോലെ ആദരിച്ച പാരമ്പര്യമുണ്ട്. ഈശ്വരനില്ല എന്ന് പ്രചരിപ്പിച്ച കപിലനെയാണ് സിദ്ധന്മാരില് അഗ്രഗണ്യനായി ഭഗവാന് ഗീതയില്‍ പരാമര്‍ശിച്ചത് (സിദ്ധാനാം കപിലോ മുനി). ആത്മീയതയിലും പരലോകത്തിലും വിശ്വസിക്കാത്ത മനോഹരങ്ങളായ (ചാരുവായ)വാക്കുകളെക്കൊണ്ട് ജനങ്ങളെ ആകര്‍ഷിച്ച ചാര്‍വാകദര്‍ശനവും ഇവിടെ ഉണ്ടായിരുന്നു. ഭാരതത്തിലെ ഒരു ഭരണാധികാരിയും തന്റെ മതത്തെ ഔദ്യോഗിക മതമാക്കിയില്ല. അതിന് ഒരു അപവാദമുള്ളത് അശോകന് ആയിരുന്നു. ഖജനാവില്‍നിന്ന് പണം മുടക്കി ബുദ്ധധര്‍മം പ്രചരിപ്പിക്കാന്‍ അദ്ദേഹം മുനിമാരേയും ഭിക്ഷുക്കളേയും നിയോഗിച്ചു. തികച്ചും മതാധിഷ്ഠിത ഭരണം നടത്തിയ അശോകന്, തന്റെ ധര്‍മം പ്രചരിപ്പിക്കാന്‍ ശാസനങ്ങള്‍ കൊത്തിവെച്ച അശോകസ്തംഭത്തിന്റെ സിംഹത്തലപ്പുതന്നെ രാഷ്ട്രത്തിന്റെ ഔപചാരിക ചിഹ്നമായി സ്വീകരിച്ചിട്ട് മതേതരത്വം പ്രസംഗിക്കുന്നത് എന്തു കാപട്യമാണ്. ഇസ്ലാമിക ഭരണം നിലനിന്ന കാലത്തും ആ സ്ഥലങ്ങളിലും മാത്രമേ ഭാരതത്തില്‍ മതപീഡനം അനുഭവിച്ചിട്ടുള്ളൂ. ഗോവയിലെ പറങ്കി ഭരണത്തില്‍ കത്തോലിക്കരും അതു നടത്തി. ഇന്ന് സെക്കുലറിസത്തിനുവേണ്ടി നെഞ്ചത്തടിച്ച് മുറവിളി കൂട്ടുന്നത് മുസ്ലിം പ്രസ്ഥാനങ്ങളും കത്തോലിക്കാ സഭയുമാണല്ലോ. സ്വന്തം കുറ്റബോധം ഉപബോധ മനസ്സില്‍ അവരെ അതിന് പ്രേരിപ്പിക്കുന്നുണ്ടാവണം.
ജനാധിപത്യം ഭാരതത്തില്‍ അനേകായിരം വര്‍ഷങ്ങളായി നിലനിന്നുവന്നു. ഇവിടുത്തെ പഞ്ചായത്തുകളും ജനപദങ്ങളും ഗണരാജ്യങ്ങളും അത്യന്തം ശക്തിമത്തായിരുന്നു. അലക്സാണ്ടറുടെ സൈന്യത്തെ തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചത് വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് (ഇന്ന് പാക്കിസ്ഥാനില്‍) നിലനിന്ന യൗധേയ, ലിച്ഛാവി ഗണരാജ്യങ്ങളുടെ ചെറുത്തുനില്‍പ്പും ആക്രമണങ്ങളും ആയിരുന്നു. പഞ്ചായത്തുകളുടെ തീരുമാനങ്ങളെ മാറ്റാന്‍ രാജാവിനും ചക്രവര്‍ത്തിക്കും കഴിയുമായിരുന്നില്ല. ഇന്നു പഞ്ചായത്തുകള്‍ക്ക് അധികാരങ്ങള്‍ കൊടുക്കുന്നതിനു പകരം, മൂക്കു കയറിട്ടു നിയന്ത്രിക്കാനാണല്ലോ രാഷ്ട്രീയ നേതാക്കളും ഭരണമേധാവികളും ശ്രമിക്കുന്നത്.
ഭരണഘടനയുടെ മൂലരൂപം എങ്ങനെയായിരുന്നുവെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനും രാജ്യത്തെയും ജുഡീഷ്യറിയെയും പാര്‍ലമെന്റിനേയും പത്രലോകത്തെയും കെട്ടിവരിഞ്ഞിട്ട് അതിന്റെ മര്‍മഭാഗം തിരുത്തിയവരേയും തുറന്നു കാണിക്കാനും റിപ്പബ്ലിക് ദിന പരസ്യം ഉപകരിച്ചു. ഭരണഘടനയിലെ വാക്യവും വാക്കും എങ്ങനെയായിരുന്നാലും ഭാരതത്തിന്റെ ഭാരതീയത അതായത് ഹിന്ദുത്വം നിലനില്‍ക്കുന്നിടത്തോളം ഇവിടെ സെക്കുലറിസം അഥവാ സര്‍വധര്‍മ സമഭാവം നിലനില്ക്കും. ഈ വസ്തുത ഓര്‍മിപ്പിക്കാന്‍ അവസരമുണ്ടായതാണ് ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം ശ്രദ്ധേയമാവാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: