ചാത്തന്നൂര്‍: വേനല്‍ച്ചൂടിന് ആശ്വാസമായി ഇളനീരും തണ്ണിമത്തനും റോഡരികില്‍ നിരന്നു തുടങ്ങി. കടുത്ത വെയിലില്‍ വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നത് ഈ പാനീയങ്ങളാണ്. ദാഹവും ക്ഷീണവും മാറാന്‍ സഹായിക്കുന്ന ഇളനീര് ശരീരത്തിന് ആരോഗ്യം സമ്മാനിക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ജലത്തിനു പുറമേ മാംസ്യവും കൊഴുപ്പും ലവണവും അന്നജവുമൊക്കെ ഇളനീരില്‍ അടങ്ങിയിട്ടുണ്ട്.
കൊല്ലം നഗരത്തിലുംപരവൂര്, ചാത്തന്നൂര്‍, പാരിപ്പള്ളി മടത്തറ റോഡിലും ദേശീയപാതയോരത്തും തിരക്കേറിയ ഗ്രാമീണറോഡുകളിലും ഇളനീര് വില്‍പ്പനക്കാരേയും തണ്ണിമത്തന് വില്‍പ്പനക്കാരേയും കാണാം.
വാഹനങ്ങള്‍ ഇരുവശങ്ങളിലൊതുക്കി നിര്‍ത്തി യാത്രക്കാര്‍ ആസ്വാദ്യകരമായ ഇളനീര് കുടിക്കുകയും ഇളംകാമ്പ് കഴിക്കുകയും തണ്ണിമത്തന് കഴിക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ പതിവുകാഴ്ചകളാണ്. ഇളനീരിന് 20 മുതല്‍ 30 വരെയാണു വില. ഓരോന്നിന്റേയും വലിപ്പമനുസരിച്ചാണു വില. ചൂട് കൂടിയതോടെ ഇളനീരിനാണ് ആവശ്യക്കാര്‍ കൂടുതല്‍. തണ്ണിമത്തന്റെഴ വില കിലോ 20 രൂപയാണ്. തണ്ണിമത്തന് ജ്യൂസാക്കി റോഡരികില്‍ വില്ക്കുന്നതാണു കൂടുതല്‍.
ദാഹമകറ്റാനും ക്ഷീണമകറ്റാനുമായി തണ്ണിമത്തന് ധാരാളം പേര് വാങ്ങി കഴിക്കുന്നുണ്ട്. 10 രൂപയാണ് ഒരു ഗ്ലാസ് തണ്ണിമത്തന് ജ്യൂസിന്റെയ വില. തമിഴ്നാട്ടില്‍ നിന്നാണ് തണ്ണിമത്തന് കൂടുതലായി സംസ്ഥാനത്തേക്കു വരുന്നത്. ഇളനീരും തമിഴ്നാട്ടില്‍ നിന്നു തന്നെയാണു കൂടുതലും കൊണ്ടുവരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാളീകേരത്തിനു വില കൂടിയതോടെ സംസ്ഥാനത്തു നിന്ന് ഇളനീര് കിട്ടാനില്ലെന്ന പരാതിയും കച്ചവടക്കാര്‍ക്കുണ്ട്.
പലരും ഇളനീര് വില്ക്കാ ന് തയ്യാറാകുന്നില്ല. ഇതുകാരണമാണു തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരേണ്ടിവരുന്നത്. വേനല്‍ കനക്കുന്നതോടെ ഇളനീര് വില്പനയും തണ്ണിമത്തന് വില്പനയും ഒന്നു കൂടി ഉഷാറാകും. ഇതോടെ കച്ചവടക്കാരുടെ എണ്ണവും റോഡരുകില്‍ വര്‍ധിക്കും. പലരുടേയും പ്രധാന ബിസിനസായി ഇളനീര്, തണ്ണിമത്തന് വില്പന മാറിക്കഴിഞ്ഞു. വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. വിലകൂടിയാലും ദാഹവും ക്ഷീണവുമകറ്റാന്‍ ഇളനീരും തണ്ണിമത്തനും ജനം വാങ്ങുമെന്നു കച്ചവടക്കാര്‍ക്കറിയാം. അതിനാല്‍ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടികക്കാന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: