കൊട്ടാരക്കര: രജിസ്ട്രേഷന് എത്തിച്ച ബുള്ളറ്റിന്റെ രേഖകള്‍ കൃത്രിമമാണെന്ന ആര്‍ടിഒ അധികൃതരുടെ പരാതിയെതുടര്‍ന്ന് പോലീസ് മൂന്ന് ബുള്ളറ്റുകള്‍ കസ്റ്റഡിയിലെടുത്തു. പിന്നില്‍ വന്കണ്ണികളെന്ന് സൂചന. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനുള്ള ബൈക്കുകളാണ് എല്ലാം. ഇത്തരത്തിലുള്ള ബൈക്കുകള്‍ മുന്‍പും ആര്‍ടിഒ ഓഫിസില്‍ രജിസ്േട്രഷന് നടത്തിയിരുന്നു. എന്നാല്‍ 2013ല്‍ നല്കിയ രണ്ട് ബൈക്കുകളുടെ രജിസ്ട്രഷന് മാറ്റം നീണ്ടുപോയി. ഏജന്‍സിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ആര്‍ടിഒ അധികൃതര്‍ പേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി.
ഉത്തര്‍പ്രദേശിലുള്ള സീതാപൂര്‍ ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള രജിസ്ട്രേഷന് പോലും അവിടെ നടന്നിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ മാസം രണ്ടിന് കൊട്ടാരക്കര ജോയിന്റ് ആര്‍ടി അധികൃതര്‍ പോലീസിന് പരാതി നല്കി. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള രണ്ട് ബൈക്കും രജിസ്ട്രേഷന് കേരളയാക്കി മാറ്റിയ ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടൊപ്പം ബൈക്ക് രജിസട്രേഷന് എത്തിച്ച മുസ്ലീംസ്ട്രീറ്റ്, പടിഞ്ഞാറ്റിന്‍കര സ്വദേശികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വിട്ടയച്ചു.
ഇതേ രജിസ്ട്രേഷനുള്ള നിരവധി ബൈക്കുകള്‍ ഇപ്പോള്‍ കേരളത്തില്‍ സജീവമായുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നും ബൈക്കുകള്‍ എത്തിച്ച് വില്പന നടത്തുന്ന ഒരു പ്രത്യേക സംഘം തന്നെ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്നതായി മുമ്പും ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെപ്പറ്റി പ്രത്യേകസംഘം തന്നെ അന്വേഷിക്കണമെന്നാവശ്യമുയര്ന്നിട്ടുണ്ട്. ബൈക്കുകള്‍ പിടികൂടിയപ്പോള്‍ തന്നെ കേസൊതുക്കാനുള്ള നീക്കമാണ് ഭരണമുന്നണിയിലെ ഒരു വിഭാഗത്തിന്റ ഭാഗത്ത് നിന്നുണ്ടാകുന്നത്.
അതുകൊണ്ട് തന്നെ മറ്റ് ബൈക്കുകളെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാശങ്കയുണ്ട്. ഇതെല്ലാം രജിസ്ട്രേഷന് നടത്തിയിരിക്കുന്നതും ഒരു ഏജന്‍സി തന്നെയായതുകൊണ്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ എളുപ്പമാണ്. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന ബുള്ളറ്റുകളുടെ രജിസ്ട്രഷന് മാറ്റവും അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: