കൊച്ചി: ആദര്‍ശഗ്രാമമായി പി. രാജീവ് എംപി തെരഞ്ഞെടുത്ത ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് എംപി ഫണ്ടില്‍ നിന്നും വാഹനം അനുവദിക്കും. ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യത്തിന്റെ അദ്ധ്യക്ഷതയില്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജനയുടെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് അഞ്ച് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വാഹനം നല്‍കുന്നതായി എംപി അറിയിച്ചത്. ഉദയംപേരൂര്‍ പഞ്ചായത്തിനെ ആദര്‍ശ ഗ്രാമമാക്കുന്നതിനുളള പദ്ധതികള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായി.
എല്ലാ വീടുകളിലും ബക്കറ്റ് കമ്പോസ്റ്റ് മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. റോഡുകള്‍ക്ക് നടപ്പാത നിര്‍മ്മിക്കല്‍, വീടു നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കും.
യോഗത്തില്‍ പഞ്ചായത്തിന്റെ ചാര്‍ജ് ഓഫീസര്‍ കെ. ജി. തിലകന്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എം. വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സലിം, ജനപ്രിതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: