ആലപ്പുഴ: സിആര്‍പിഎഫില്‍ നിന്ന് അവധിയെടുത്ത് കേരളത്തിന് വേണ്ടി തുഴയെറിഞ്ഞ് സ്വര്‍ണ മെഡല്‍ നേടിയ അഞ്ജലിക്ക് മെഡല്‍ നേട്ടം മധുരതരമായ പകരം വീട്ടല്‍ കൂടിയായി. തന്നെ ടീമിലുള്‍പ്പെടുത്തിയതിനെതിരെ ചിലര്‍ നടത്തിയ പ്രചാരണങ്ങള്‍ക്കുള്ള നിശബ്ദമായ മറുപടിയായിരുന്നു 500 മീറ്റര്‍ കോക്സ്ലസ് ഫോറില്‍ സ്വര്‍ണം നേടിയതിലൂടെ അഞ്ജലി നല്‍കിയത്.
സിആര്‍പിഎഫിന്റെ എതിര്‍പ്പിനിടയിലും കേരളത്തിന് വേണ്ടി തുഴയെറിയാനെത്തിയ അഞ്ജലിയെ ടീമിലുള്‍പ്പെടുത്തുന്നതിനെതിരെ നിരന്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഘടനകളും ദേശീയ താരവുമെല്ലാം മനോവീര്യം തകര്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അമ്മ് ഇന്ദുവും കോച്ച് ബിനു കുര്യനും നല്കിയ ആത്മ വിശ്വാസത്തില്‍ മനക്കരുത്തോടെ തുഴയെറിഞ്ഞതാണ് സ്വര്‍ണ മെഡലിന് തന്നെ അര്‍ഹയാക്കിയതെന്ന് അഞ്ജലി പറയുന്നു.
റോവിങിലെ ഈ സ്വര്‍ണ മെഡല്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അച്ഛന് ആലപ്പുഴ അവലൂക്കുന്ന് കൊറ്റംകുളങ്ങര വാര്‍ഡ് അയ്യന്താറ്റില് രാജന്പിള്ളക്കായി സമര്‍പ്പിക്കുന്നെന്ന് അഞ്ജലി പറഞ്ഞു. ചണ്ഡിഗഡില്‍ സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിളായ അഞ്ജലി ഏഷ്യന്‍ ഗെയിംസിലടക്കം നിരവധി മെഡലുകള്‍ നേരത്തെ നേടിയിട്ടുണ്ട്. ഏഴ് വര്‍ഷമായി കേരളത്തിന് വേണ്ടി തുഴയെറിയുന്ന അഞ്ജലി നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലും നാഷണല്‍ ഗെയിംസില്‍ മൂന്ന് വെള്ളി മെഡലും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: