ആലപ്പുഴ: ദേശീയ ഗെയിംസിലെ തുഴച്ചില്‍ മത്സരങ്ങളില്‍ താരമായത് ഡിറ്റിമോള്‍ വര്‍ഗീസ്. പങ്കെടുത്ത നാലിനങ്ങളിലും ഡിറ്റിമോള്‍ മെഡല്‍ കരസ്ഥമാക്കി. രണ്ടിനങ്ങളില്‍ വീതം സ്വര്‍ണവും വെള്ളിയുമാണ് നേടിയത്. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ഏക താരവും ഡിറ്റിയാണ്. വ്യക്തിഗത ഇനത്തില്‍ രണ്ടാമത്തെ സ്വര്‍ണം നഷ്ടമായത് മൈക്രോസെക്കന്റുകളുടെ വ്യത്യാസത്തിനാണെന്ന് ഡിറ്റിമോള്‍ പറയുന്നു. ചമ്പക്കുളം ചെമ്പുമ്പുറം കൈതത്തറയില്‍ ചെറിയാന് വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകളാണ്.
വ്യാഴാഴ്ച നടന്ന 500 മീറ്റര്‍ സിംഗിള്‍ സ്കള് മത്സരത്തില്‍ ഡിറ്റിമോളുടെ സ്വര്‍ണ മെഡലോടെയാണ് കേരളം സ്വര്‍ണക്കൊയ്ത്തിന് തുടക്കമിട്ടത്. നേരത്തെ ഇതേ ഇനത്തില്‍ 2000 മീറ്റര്‍ മത്സരത്തില്‍ ഡിറ്റി വെള്ളി നേടിയിരുന്നു. വനിതകളുടെ ഡബിള്‍ സ്കള് മത്സരത്തില്‍ 500 മീറ്ററില്‍ താരാ കുര്യനൊപ്പം രണ്ടാമത്തെ സ്വര്‍ണം നേടിയത് മിനിറ്റുകള്‍ക്കിടയില്‍ നടന്ന മത്സരത്തിലാണ്. ഇതേയിനത്തില്‍ 2000 മീറ്റര്‍ മത്സരത്തില്‍ നേരത്തെ ഡിറ്റിക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പടെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഡിറ്റിമോള്ക്ക് ദേശീയ ഗെയിംസില്‍ ഇത് അഞ്ചാമത്തെ സ്വര്‍ണമാണ്. ആലപ്പുഴ സായിയിലാണ് പരിശീലനം നേടിയത്. സായിയിലെ കോച്ച് ബിനുകുര്യനാണ് മികച്ച താരമാക്കി മാറ്റിയതെന്ന് ഡിറ്റി പറഞ്ഞു. ഇപ്പോള്‍ ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: