ആലപ്പുഴ: സംസ്ഥാനത്തെ ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി തൊണ്ടുസംഭരണത്തിനുള്ള നടപടികള്‍ പരിഷ്കരിച്ചു നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് പ്രതിവര്‍ഷം 600 കോടി നാളികേരം ഉത്പാദിപ്പിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. ഇതിന്റെ ഒരു വിഹിതത്തിന്റെ തൊണ്ടെങ്കിലും സംഭരിക്കാനായാല്‍ സംസ്ഥാനത്തെ ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനാകും. ഇനിമുതല്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്കു വേണ്ടി പച്ചത്തൊണ്ട് സംഭരിച്ചെത്തിക്കുന്നവര്ക്ക് തൊണ്ട് ഒന്നിന് 25 പൈസ നിരക്കിലും ഉണക്കത്തൊണ്ടിന് 15 പൈസ നിരക്കിലും ഇന്‍സന്റീവ് നല്‍കും. കയര്‍മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് തൊണ്ടുസംഭരിക്കുമ്പോള് 5,000 തൊണ്ടിന് 250 രൂപയും കൂടുതലായി സംഭരിക്കുന്ന ഓരോ ആയിരം തൊണ്ടിനും 50 രൂപ നിരക്കിലും വാഹനവാടക നല്‍കും.
മിനി തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന കയര്‍ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട ഡീഫൈബറിങ് യൂണിറ്റുകള്‍ക്ക് തൊഴിലാളികള്‍ തൊണ്ടുസംഭരിച്ചുനല്കുമ്പോള് പ്രതിദിന വേതനമായി 400 പച്ചത്തൊണ്ടിന് 160 രൂപയും കൂടുതലായി സംഭരിക്കുന്ന ഓരോ 50 പച്ചത്തൊണ്ടിനും 20 രൂപ വീതവും സര്‍ക്കാര്‍ വിഹിതമായി നല്‍കും. ഉണക്കത്തൊണ്ടാണെങ്കില് 600 എണ്ണത്തിന് 150 രൂപയും അധികമുള്ള ഓരോ നൂറെണ്ണത്തിനും 25 രൂപ വീതവുമാണ് നല്‍കുക. തൊണ്ടുസംഭരിച്ച് ചകിരിയാക്കി നിശ്ചിതവിലയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്കുമ്പോള് പച്ചത്തൊണ്ടില്‍ നിന്നുള്ള ചകിരിക്ക് കിലോഗ്രാമിന് മൂന്നു രൂപ നിരക്കിലും ഉണക്കത്തൊണ്ടില്‍ നിന്നോ അഴുക്കല്‍ തൊണ്ടില്‍ നിന്നോ ഉള്ളവയ്ക്ക് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും സബ്സിഡി നല്‍കും.
കയര്‍ സഹകരണസംഘങ്ങള്‍ക്ക് തൊണ്ട് സംഭരണത്തിനായി പരമാവധി രണ്ടുലക്ഷം രൂപ വരെ റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കാവുന്ന രീതിയില്‍ പ്രവര്‍ത്തന മൂലധനം നല്‍കും. വലിയ മെഷീന് ഉപയോഗിക്കുന്ന കയര്‍മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് പരമാവധി 50,000 രൂപയും മിനി ഡീഫൈബറിങ് മെഷീന് ഉപയോഗിക്കുന്ന സംഘങ്ങള്‍ക്ക് ഒരു മെഷീനിന് പരമാവധി 10000 രൂപ വീതവും വര്‍ഷം തോറും മെയിന്റനന്‍സ് ഗ്രാന്റ് റീ-ഇംപേഴ്സ്മെന്റായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: