ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊടും ചൂടിലേക്കു നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിക്കുന്നു, ഓര്‍മ്മയുണ്ടോ, 2014 ജനുവരിയില്‍ പാചക വാതക വില എന്തായിരുന്നു? ഇന്നിപ്പോള്‍ എത്ര കുറഞ്ഞു?
എട്ടുമാസം പിന്നിട്ട സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഴുവനും ജനങ്ങളിലെത്താന്‍ ഇനി അധികം വൈകില്ലെന്ന് വമ്പിച്ച കരഘോഷത്തിനും ജയ് വിളികള്‍ക്കും ഇടയില്‍ മോദി പറഞ്ഞു. രോഹിണിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഭാരതത്തില്‍ വിജയകരമായി വിലക്കയറ്റം പിടിച്ചു നിര്‍ത്തിയ ഒരേയൊരു സര്‍ക്കാരേ മുമ്പുണ്ടയിട്ടുള്ളു. അത് മൊറാര്‍ജി സര്‍ക്കാരായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍കൃഷ്ണ അദ്വാനിയും ആ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. അവരുടെ മാര്‍ഗ്ഗ ദര്‍ശനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരുമാണ് കേന്ദ്രത്തിലേത്. നിങ്ങള്‍ക്കു വിശ്വസിക്കാം, ഞാന്‍ ഉറപ്പു തരുന്നു, നല്ല നാളുകള്‍ വരവായി, മോദി വിശദീകരിച്ചു.
പ്രസംഗത്തില്‍ മോദി കോണ്‍ഗ്രസ്-എഎപി നേതാക്കളെയും പാര്‍ട്ടിയേയും കണക്കറ്റു വിമര്‍ശിച്ചു. നമ്മുടെ വിമര്‍ശകര്‍ക്ക് കാര്യമായ വിഷയങ്ങളൊന്നുമില്ല. ഇത്തവണ മാധ്യമങ്ങള്‍ അമ്മയ്‌ക്കും മകനും നേരേ ക്യാമറ തിരിച്ചിട്ടുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം ദല്‍ഹിയുടെ ഒരു വര്‍ഷം ചിലര്‍ ചേര്‍ന്നു പാഴാക്കി. ഇനി ബിജെപിയുടെ ഊഴമാണ്.
പതിനാറു വര്‍ഷംകൊണ്ട് ദല്‍ഹിയില്‍ അവരുണ്ടാക്കിയ നാശങ്ങള്‍ക്കു പരിഹാരം കാണേണ്ട ഉത്തരവാദിത്തം നമ്മുടേതാണ്. അതില്‍ 15 വര്‍ഷത്തെ കുറ്റം കോണ്‍ഗ്രസിനാണ്. അവരുടേത് വലിയ, പ്രായംചെന്ന പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ അവര്‍ ഉണ്ടാക്കിയ നാശങ്ങള്‍ക്ക് കടുപ്പവും വ്യാപ്തിയും കൂടുതലാണ്, മോദി വിശദീകരിച്ചു.
ഭാരതത്തിലേക്കു നോക്കുന്നവരുടെ ദൃഷ്ടി ആദ്യം പതിയുന്നത് ദല്‍ഹിയിലേക്കാണ്. പാര്‍ലമെന്റിലേക്ക് ഏഴില്‍ ഏഴു സീറ്റും നല്‍കി നിങ്ങള്‍ എന്നെ നിങ്ങളുടെ സ്വന്തമാക്കി. ഇനിയിപ്പോള്‍ എന്റെ കടമായണ്, ദല്‍ഹിക്കാര്‍ക്ക് ആ സ്‌നേഹം തിരികെ നല്‍കുകയെന്നത്.
ദല്‍ഹിക്കാരെ എങ്ങനെയാണ് അവര്‍ (എഎപി) ചിത്രീകരിച്ചതെന്ന് ഓര്‍ക്കുന്നുണ്ടോ. കൊള്ളക്കാരെന്നും കള്ളന്മാരെന്നും അഴിമതിക്കാരെന്നും. ഇപ്പോള്‍ അവരുടെ ഉള്ളുകള്ളി പുറത്തായി. ആരാണു കൊള്ളക്കാരെന്നും അഴിമതിക്കാരെന്നും വ്യക്തമായി. അവരുടെ ഇരട്ടത്താപ്പു പുറത്തായി. ഞാനവരോടും അവരെ രക്ഷിക്കാന്‍ ഇറങ്ങിതിരിച്ചവരോടും ചോദിക്കുകയാണ്, ആരുടെയും പിന്തുണ വേണ്ടെന്നു നിങ്ങള്‍ പറഞ്ഞു, എന്നിട്ട് എന്തു സംഭവിച്ചു?
സ്വിസ്ബാങ്കില്‍ അക്കൗണ്ടുണ്ടാക്കി കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ പോക്കറ്റിലിട്ടു നടക്കുന്നവര്‍ വിളിച്ചു പറയുന്നു, ആരാണു ഞങ്ങള്‍ക്കു പണം നല്‍കിയതെന്ന് അറിയില്ലെന്ന്, മോദി എഎപിനേതാക്കളുടെ കള്ളപ്പണ ഇടപാടിനെ വിമര്‍ശിച്ച് പറഞ്ഞു.
കഴിഞ്ഞ എട്ടുമാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിങ്ങള്‍ കണ്ടു. ഇനിയും നിങ്ങളുടെ ആശീര്‍വാദം ഉണ്ടാവണം മുന്നോട്ടു പോകാന്‍. ചിലര്‍ ചോദിക്കുന്നു, എന്തിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നതെന്ന്. അതുവലിയ പാതകമാണോ. ഇ റിക്ഷാവണ്ടിക്കാരെ സഹായിക്കാന്‍ ഓര്‍ഡിനന്‍സാണു വേണ്ടതെങ്കില്‍ അതു ചെയ്യണം.
ചേരിനിവാസികള്‍ക്ക് മാന്യജീവിതം വേണ്ടെന്നാണോ? അവര്‍ക്ക് അതിനുള്ള അവകാശമില്ലേ. അവര്‍ക്കു വിദ്യാഭ്യാസം വേണ്ടേ? അവര്‍ക്കു കുടിവെള്ളം വേണ്ടേ? അവര്‍ക്ക് ആരോഗ്യ പരിരക്ഷ വേണ്ടേ? എല്ലാ ചേരികളും അംഗീകൃതമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ ആവശ്യം നീണ്ടകാലമായുള്ളതാണ്. പക്ഷേ, തെരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനവും ചര്‍ച്ചയും മാത്രമായി തീരുകയായിരുന്നു ഇതുവരെ. ഈ കളിയ്‌ക്കൊരു വിരാമമിടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു, മോദി പറഞ്ഞു.
ഞങ്ങള്‍ ഇവിടെ അവസാനിപ്പിക്കില്ല. ജനങ്ങള്‍ക്ക് ആവശ്യമായ, മികച്ച സൗകര്യങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. ഞങ്ങള്‍ ദരിദ്രരേയും ഗ്രാമീണരേയും സംരക്ഷിക്കും. ദയവായി എന്നെ ദാരിദ്ര്യത്തെക്കുറിച്ചു പഠിപ്പിക്കാന്‍ ആരും വരരുതേ. ജനിച്ചതു മുതല്‍ ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍, മോദി പറഞ്ഞു.
ഒരു സ്ഥിര സര്‍ക്കാരിനെ തെരഞ്ഞെടുക്കുക, ദല്‍ഹി ഭരിക്കാന്‍ ബിജെപിയെ വിജയിപ്പിക്കുക, മുഖ്യമന്ത്രിയായി കിരണ്‍ബേദിയെ അവരോധിക്കുക, മോദി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: