മക്കളേ, നിങ്ങള്‍ ഇവിടെ എത്ര വര്‍ഷങ്ങള്‍ വന്നാലും ക്ഷേത്രത്തില്‍ ആയിരം ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ടാ. നാല്പതു വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, ഒരു ഫലവുമില്ലെന്നു പറഞ്ഞ് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ഹൃദയം ശുദ്ധമായില്ലെങ്കില്‍ യാതൊരു ഫലവുമില്ല. വീട്ടില്‍ച്ചെന്നു ചെയ്യേണ്ട ജോലികളെ ചിന്തിച്ചും തിരിയെ പോകാനുള്ള ധൃതിവച്ചും വന്നാല്‍ യാതൊരു പ്രയോജനവുമില്ല. ക്ഷേത്രത്തില്‍ ചെന്നാലും ഇവിടെ വന്നാലും ഈശ്വരനാമം ജപിക്കുക. എങ്കിലേ നിങ്ങള്‍ക്കു ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ. നിങ്ങളുടെ ഹൃദയം ഈശ്വരലോകത്തിലേക്കു റ്റിയൂണ്‍ ചെയ്യണം. തിരുപ്പതിയിലോ കാശിയിലോ പോയതുകൊണ്ടുമാത്രം മുക്തി കിട്ടത്തില്ല. അവിടെച്ചെന്നു കുളിച്ചു വലത്തിട്ടെന്നും പറഞ്ഞിട്ടു ഫലമില്ല.
തിരുപ്പതിയില്‍ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നെങ്കില്‍ അവിടെ ബിസിനസ്സു ചെയ്യുന്നവര്‍ക്കൊക്കെ മുക്തി കിട്ടണ്ടേ? കൊള്ളയും കൊലയും ചെയ്തു കാശിയില്‍ കഴിയുന്നവര്‍ക്കൊക്കെ മോക്ഷം കിട്ടണ്ടേ? അതില്ല. നിങ്ങളുടെ ഹൃദയമാണു ശുദ്ധമാക്കേണ്ടത്. എങ്കിലേ എവിടെച്ചെന്നാലും ഫലമുള്ളൂ. ഇന്ന് അതല്ല, നേരത്തെ ലോഡ്ജും ബുക്കു ചെയ്തു വീട്ടില്‍ നിന്നു തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും പറഞ്ഞുകൊണ്ടായിരിക്കും യാത്ര.
ക്ഷേത്രത്തില്‍ പോയാലും പൈസ കൊടുത്താലും വിളക്കു കത്തിച്ചാലും നമ്മള്‍കൂടി നാമം ജപിച്ചാലേ കാര്യമുള്ളൂ. മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റ് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമായെങ്കിലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. നാമജപംകൊണ്ടുമാത്രമാണ് മനസ്സിനെ ശുദ്ധീകരിക്കുവാന്‍ പറ്റുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: