ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ മേഖലയിലെ വ്യത്യസ്ത പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്കുന്ന ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, കയര്‍ ബോര്‍ഡ് ചെയര്മാന് സുരേന്ദ്രനാഥ് ത്രിപാഠി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
‘നൂതന ഉത്പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും കയര്‍ ഉത്പ്പന്നങ്ങളുടെ വിപണനവും’ എന്ന വിഷയത്തില്‍ ഇന്ന് നടക്കുന്ന അന്തര്‍ദേശീയ സെമിനാറിന് അമേരിക്കയിലെ ഹാന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എംഡി ജോണ്‍ നിക്കോളാസ് ഹാന്‍ നേതൃത്വം നല്‍കും. ‘സസ്യനാരുകളുടെ മിശ്രിത ഉത്പ്പന്നങ്ങളുമായി പ്രകൃതിദത്തനാരുകളുടെ സംയോജനത്തിലെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് കമറീന സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് ഡിസൈന്‍ അസോസിയേറ്റ് പ്രൊഫ. കാര്‍ലോ സാന്റുലിയും ‘ആഗോളവിപണിയില്‍ കയറിനും പ്രകൃതിദത്ത നാരുത്പ്പന്നങ്ങള്ക്കും സുസ്ഥിരമായ ആവശ്യം സൃഷ്ടിക്കല്‍’ എന്ന വിഷയത്തില്‍ ഘാന കൊക്കോ ഡുറാഡോ റിസര്‍ച്ച് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് പ്രതിനിധി അമാ അഗ്യീവാ അഗ്യിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ചൊവ്വാഴ്ച ‘നിര്‍മ്മാണമേഖലയിലും പാക്കേജിങ്ങിലുമുള്ള പ്രകൃതി ദത്തനാരുകളുടെ ഉപയോഗം’ എന്ന വിഷയത്തില്‍ ബ്രിട്ടനിലെ ബാങ്ഗോര് യൂണിവേഴ്സിറ്റി ബയോകോംപോസിറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. റോബ് ഏലിയാസും പോളിമര്‍ സംയുക്തമായ ലിഗ്നിന്‍ അടങ്ങിയ നാരുകളില്‍നിന്ന് നാനോ സെല്ലുലോസിന്റെ ഉത്പ്പാദനത്തേയും ഉപയോഗത്തേയും പറ്റി അമേരിക്കയിലെ ഓള്‍ട്ടോ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഒര്‍ലാന്റോ ജെ.റോജാസും സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: