ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള റോവിങ് മത്സരങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് തുടക്കം. രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി രണ്ടിനാണ്. ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് ടൗണ്‍ സ്ക്വയറില്‍ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോയാത്രയും കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും ടൗണ്‍ഹാളില്‍ എത്തിച്ചേരുന്നതോടെ ഉദ്ഘാടന സമ്മേളനം നടക്കും. ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പതിന് പുരുഷ ടീമുകളുടെ 2000 മീറ്റര്‍ ഹീറ്റ്സ് മത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കാനായി നൂറോളം ഓഫീഷ്യലുകടളക്കം അഞ്ഞൂറോളം താരങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 18 ടീമുകളാണ് റോവിങ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുള്‍പ്പെടെ 18 ടീമുകളാണ് മത്സരത്തിനുള്ളത്.
വേമ്പനാട് കായലില്‍ മത്സരത്തിനു സജ്ജമാക്കിയ ട്രാക്കില്‍ വിവിധ ടീമുകള്‍ പരിശീലനത്തുഴച്ചില്‍ നടത്തി. കോമളപുരം ആസ്പിന്‍വാള്‍ തീരത്താണ് ഫിനിഷിങ് പോയിന്റ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തുഴച്ചില്‍ക്കാര്‍ക്ക് ആവേശം പകരാന്‍ നാട്ടുകാരും കായികപ്രേമികളും മത്സര വേദിയായ വേമ്പനാട് കായലിന്റെ കരയില്‍ തടിച്ചുകൂടുന്നുണ്ട്. ഗെയിംസ് വില്ലേജ് ലക്ഷ്യമാക്കി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആയിരങ്ങളെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.ഇത് മുന്നില്‍ കണ്ട് വന്‍ സുരക്ഷാസന്നാഹമാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
റോവിങ് മത്സരങ്ങള്‍ അഞ്ചിന് സമാപിക്കും. ആറിന് താരങ്ങള്‍ വേദി വിടും.തുടര്‍ന്ന് ഏഴിന് കനോയിങ്, കയാക്കിങ് താരങ്ങള്‍ എത്തിച്ചേരും. എട്ടിന് ആരംഭിക്കുന്ന കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ ഫെബ്രുവരി 13ന് സമാപിക്കും. റോവിങ്ങില്‍ പതിനെട്ട് ഇനങ്ങളിലായി സ്വര്‍ണം, വെള്ളി, വെങ്കലം ഉള്‍പ്പടെ 54 മെഡലുകളാണ് നിശ്ചയിക്കുന്നത്. ഇന്നു മുതല്‍ വേമ്പനാട് കായലിലെ ഓളപ്പരപ്പുകളില്‍ തീപ്പൊരി ചിതറും. ജലോത്സവങ്ങളുടെ നാട് മറ്റൊരു ജലമാമാങ്കത്തിന് സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: