കൊല്ലം: മകളെ ലൈംഗികപീഡനത്തിന് വിധേയമാക്കി ഗര്‍ഭിണിയാക്കിയ പിതാവിന് 25000 രൂപ പിഴയും മരണം വരെ ജീവപര്യന്തം കഠിനതടവും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് അശോക് മേനോനാണ് വിധിപ്രഖ്യാപനം നടത്തിയത്.
അറയ്ക്കല്‍ പൊടിയാട്ടുവിള പുന്നക്കാട്ട് ചരുവിള വീട്ടില്‍ പൊടിമോന് (40) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത് 2013ലാണ്. 2010ല്‍ പൊടിമോനേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ച് ഭാര്യ മറ്റാരോടൊപ്പം ഒളിച്ചോടിപോകുകയും അതിനുശേഷം 12 വയസുകാരിയായ മകളെ ഇയാള്‍ മൂന്ന് വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
അമ്മ ഉപേക്ഷിച്ചുപോയ ശേഷം കുഞ്ഞുങ്ങളായിരുന്ന ഇളയകുട്ടികളുടെ സംരക്ഷണച്ചുമതല മൂത്തപെണ്കുട്ടിക്കായിരുന്നു.
കഷ്ടപ്പാടുകള്‍ കണ്ട് സ്കൂള്‍ അധികൃതര്‍ മുന്‍കൈ എടുത്ത് മൂന്നുകുട്ടികളെയും കൊട്ടാരക്കര ആശ്രയയില്‍ ആക്കുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മൂത്തകുട്ടിക്ക് ആശ്രയയില്‍ താമസിച്ചിരുന്ന കാലത്ത് വയറുവേദനയും ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കുകയും തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയാണെന്ന് ബോധ്യപ്പെടുകയുമാണുണ്ടായത്.
റൂറല്‍ വനിതാസെല്‍ ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അഞ്ചല്‍ എസ്ഐ സുധീര്‍, സിഐമാരായ ബൈജു, രമേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തുടര്‍ന്നുള്ള അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനു വേണ്ടി ജില്ലാപബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ജേക്കബ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: