അഹമ്മദാബാദ് : ഭാരതപൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് 450ഓളം പാക് ഹിന്ദുക്കള്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു. ഇവരില്‍ 28 പേര്‍ ന്യൂനപക്ഷ സമുദായത്തിലുള്ളവരാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തലില്‍ കഴിഞ്ഞദിവസം ഗുജറാത്തില്‍ പൗരത്വം അനുവദിക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി വന്‍ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ഇവരില്‍ ഭൂരിഭാഗം ആളുകളും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ ഗ്രമ പ്രദേശങ്ങളില്‍ കഴിഞ്ഞുവരികയാണ്. പാക്കിസ്ഥാന്‍ പൗരത്വം ആയതിനാല്‍ ഇവര്‍ക്ക് ജോലിചെയ്യുന്നതിനും സമ്പാദിക്കുന്നതിനും നിയമതടസ്സങ്ങള്‍ ഏറെയുണ്ട്.
പാക്കിസ്ഥാനിലെ ഹിന്ദു സമുദായത്തോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. ഇതുമൂലം പലരും ഭാരതത്തിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തരത്തില്‍ 430 ഓളം ഹിന്ദുക്കള്‍ സംസ്ഥാനത്ത് വസിക്കുന്നതായി കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം മുന്‍ സര്‍ക്കാരുകള്‍ വിസ അനുവദിക്കുന്നതിന് ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് കറാച്ചി സ്വദേശിയായ രാജ്കുമാര്‍ ജെസ്രാനി പറഞ്ഞു. ഡോക്ടര്‍ ബിരുദധാരിയായ ഇയാള്‍ ആറു വര്‍ഷത്തോളമായി ഭാരതത്തില്‍ കഴിഞ്ഞുവരികയാണ്. എന്നാല്‍ പാക് പൗരനായതിനാല്‍ ആതുരസേവനം നടത്താന്‍ ജെസ്രാനിക്ക് സാധിച്ചിട്ടില്ല. പൗരത്വം ലഭിക്കാത്തതിനാല്‍ ഇവരെ അഭയാര്‍ത്ഥികളായാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഇത്തരത്തില്‍ ഭാരത പൗരത്വം അനുവദിക്കാത്തതുമുലം സര്‍ക്കാര്‍ ജോലികളിലും മറ്റും വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. കൂടാതെ പാക് പൗരത്വം നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും നിയമ വിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തില്‍ അറസ്റ്റ് ചെയ്യപ്പെടാറുമുണ്ട്.
വര്‍ഷങ്ങളായി ഭാരതത്തില്‍ കഴിയുകയാണെങ്കിലും പലപ്പോഴും പൗരത്വത്തിന്റെ പ്രശ്‌നത്തിലാണ് അവസരങ്ങള്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ ആര്‍ജിത പൗരത്വം അനുവദിക്കണമെങ്കില്‍ ഏഴുവര്‍ഷത്തോളം ഭാരത്തില്‍ കഴിയണമെന്നാണ് നിയമം. ഇവരില്‍ പലരും കാലവധി പൂര്‍ത്തിയാക്കാത്തതിനാലാണ് പൗരത്വം അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്ന് റസിഡന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ എം. എസ്. ഗോഹില്‍ അറിയിച്ചു.
















