ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെയും നഗരസഭയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിരത്തിലെ അന്തേവാസികളായ ആര്. ഗീതുവും ജാലിയത്തും വിവാഹിതരായി. അങ്കമാലി കിടങ്ങൂര്‍ ആര്യമ്പിള്ളി മനയിലെ സുദേവന് ഭട്ടതിരിപ്പാടിന്റെ മകന് എ.എസ്. ഹരി ഗീതുവിനെയും കൊല്ലം കരിക്കോട് പുതുവീട്ടില്‍ തറയില്‍ മുരുകന്റെ മകന് എം. മധു ജാലിയത്തിനെയുമാണ് താലിചാര്‍ത്തിയത്.
ജനപ്രതിനിധികളുടെയും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കെ.സി. വേണുഗോപാല്‍ എംപി ജാലിയത്തിന്റെയും, ജി. സുധാകരന് എംഎല്‍എ ഗീതുവിന്റെയും കൈപിടിച്ചു നല്കി. എ.എം. ആരിഫ് എംഎല്‍എ മോതിരം കൈമാറുകയും നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ വരണമാല്യം കൈമാറുകയും ചെയ്തു. ജില്ലാ ജഡ്ജി മേരി ജോസഫ്, ജില്ലാ പോലീസ് സൂപ്രണ്ട് ബാലചന്ദ്രന് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
വിവാഹസദ്യ കെ.സി. വേണുഗോപാല്‍ എംപിയും, വസ്ത്രങ്ങള്‍ നഗരസഭാദ്ധ്യക്ഷയും കൗണ്‍സിലര്‍ ഡി. വിജയലക്ഷ്മിയും നല്കി, സ്വര്‍ണാഭരണങ്ങള്‍ ഭീമാ ജുവലറി, ഇന്നര്‍വീല്‍ ക്ലബ്, ഇന്‍ഫോസിസ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, യെസ് കെ കണ്വന്ഷന് സെന്റര്‍, റമദ ഹോട്ടല്‍, വൈഡബ്ല്യുസിഎ എന്നിവ നല്കി. സ്റ്റേജും ഡെക്കറേഷനും നോര്‍ത്ത് ജനമൈത്രി പോലീസും സൗത്ത് സിഐയും ഏര്‍പ്പെടുത്തി. ശബ്ദവും വെളിച്ചവും ലൈറ്റ് ആന്‍ഡ് സൗണ്ട്സ് അസോസിയേഷന് നല്കി. ഫോട്ടോ എടുത്തത് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയും, വീഡിയോ എടുത്തത് സ്റ്റാര്നെറ്റുമാണ്.
ആലപ്പുഴ ഉണ്ണികൃഷ്ണന് നവീന അഷ്ടപദി കച്ചേരി അവതരിപ്പിച്ചു. വിവാഹ തലേന്നുള്ള ഭക്ഷണവും വിതരണവും വിവാഹ ദിവസത്തെ സദ്യ വിളമ്പി നല്കിയതും ആലപ്പുഴ യുഐടിയിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളുമാണ്. കൂടാതെ നിരവധി സംഘടനകളും വ്യക്തികളും വിവാഹ സമ്മാനങ്ങള്‍ നല്കി ആശിര്‍വദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: