തുറവൂര്‍: ക്വട്ടേഷന്‍ സംഘങ്ങളും, മയക്കുമരുന്ന് മാഫിയയും വളമംഗലത്ത് സജീവം, ജനജീവിതം ഭീഷണിയില്‍. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ ഒരു സംഘം യുവാക്കള്‍ അക്രമം അഴിച്ചു വിടുമ്പോഴും പോലീസ് നിസംഗത കാണിക്കുന്നതായി ആക്ഷേപം വ്യാപകം. കഴിഞ്ഞ ദിവസം കാവില്‍ വളമംഗലം റോഡില്‍ പത്മശാലീയ സംഘത്തിന് സമീപം കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ ഒരു സംഘം യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ഉത്സവ പരിപാടിക്കായി കൊണ്ടുവന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പോലീസ് ഒരാളെ മാത്രം കസ്റ്റഡിയിലെടുത്ത് മറ്റ് രണ്ട് പേരെ പറഞ്ഞുവിടുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. അക്രമത്തിനിരയായ ആളെ കണ്ടെത്താന്‍ കഴിയാഞ്ഞതും ആരും പരാതി നല്‍കാതിരുന്നതും കാരണം കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് ഭാഷ്യം. കാറില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചതിന് എക്സ്പ്ലോസിവ് ആക്ട് പ്രകാരം കാറിലുണ്ടായിരുന്ന ഹരിപ്പാട് സ്വദേശിയെ മാത്രമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വളമംഗലം സ്വദേശികളായ മറ്റ് രണ്ടുപേര്‍ ഓടി രക്ഷപെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് രക്ഷപ്പെടുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത് പോലീസ് ഇത്തരക്കാരെ സംരക്ഷിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നേരം ഇരുട്ടിയാല്‍ വളമംഗലം പ്രദേശം മയക്കുമരുന്നു കഞ്ചാവ് മാഫിയകളുടെയും മദ്യപന്മാരുടേയും വിഹാരകേന്ദമാണ്. ചെറു സംഘങ്ങളായാണ് ഇവര്‍ ഒത്തുകൂടുന്നതും, മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതും. ഇതിനെതിരെ പ്രതികരിക്കുന്നവരെ ആക്രമിക്കുന്നതും പതിവായി. സംഘത്തിലുള്ളവരുടെ തര്‍ക്കങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലെത്തുന്നത് കാരണം സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ സമീപവാസികള്‍ക്ക് ഭയമാണ്. സമീപത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു. കോളേജിന് സമീപമുള്ള കോളനിയിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരെ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇത്തരം സംഘങ്ങളെ നേരിടാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: