എണ്ണമറ്റ ആത്മത്യാഗങ്ങളുടെ സമാനതകളില്ലാത്ത ചരിത്രമാണ് ഭാരതസ്വാതന്ത്ര്യസമരം. ഇതിഹാസ തുല്യമായ ആ സമരപരമ്പരയില്‍ ഏറിയ പങ്കും പില്ക്കാല സമൂഹത്തിന് വേണ്ടത്ര പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. ഇങ്ങനെ തമസ്കരിക്കപ്പെട്ടുപോയ ഒരു പേരാണ് റാണി മാ ഗൈദിന്‍ ല്യൂവിന്റേത്.
സ്വാതന്ത്ര്യത്തിന് മുന്‍പും പിന്പുമായി വടക്കു കിഴക്കന്‍ ഭാരതത്തില്‍ ദേശീയതയുടെ സംരക്ഷണത്തിനായി റാണി മാ നടത്തിയ സമരങ്ങള്‍ ഐതിഹാസികമാണ്. മണിപ്പൂരിലെ ലംഗാവോ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന ഗൈദിന്‍ ല്യൂ പതിമൂന്നാമത്തെ വയസ്സുമുതല്‍ രാഷ്ട്രസേവനത്തില്‍ മുഴുകുകയായിരുന്നു. ഇംഗ്ലീഷ് ഭരണത്തിനെതിരായി ജേ പാവു ജാദോനാംഗ് ആരംഭിച്ച സമരത്തില്‍ ആവേശപൂര്‍വ്വം അണിചേരുമ്പോള്‍ അവര്‍ക്ക് പ്രായം 13 മാത്രം.അസമിലെ കഛാര്‍ ജില്ലയിലെ ഭുവന് ഗുഹയിലേക്കുള്ള ധാര്‍മ്മിക യാത്രയില്‍ പങ്കാളിയായിക്കൊണ്ടാണ് ഗൈദിന്‍ ല്യൂ തന്റെ സമരജീവിതം ആരംഭിക്കുന്നത്. നാഗാലാന്‍ഡിലെ മുഴുവന്‍ വനപ്രദേശവും ഇക്കാലയളവില്‍ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തുവന്നു. ഇതിനെതിരായാണ് ജാദോനാംഗ് ധര്‍മ്മസമരം ആരംഭിച്ചത്.
വടക്കുകിഴക്കന്‍ മേഖലയില്‍ വ്യാപകമായി ഗ്രാമീണരെ സംഘടിപ്പിക്കുകയും ഇംഗ്ലീഷുകാര്‍ക്കെതിരെ സമരം പ്രഖ്യാപിക്കുകയും ചെയ്ത ജാദോനാംഗിനെ 1931 ആഗസ്റ്റ് 29 ന് ബ്രിട്ടീഷ് ഭരണകൂടം പിടികൂടി തൂക്കിലേറ്റി. തുടര്‍ന്ന് സമരത്തിന്റെ നേതൃത്വം ഗൈദിന്‍ ല്യൂ ഏറ്റെടുത്തു. തീവ്രമായ സമരമാണ് പിന്നീടുള്ള ഒരു വര്‍ഷക്കാലം ബ്രിട്ടീഷ് സര്‍ക്കാര്‍ നേരിട്ടത്. 1932 ഒക്ടോബര്‍ 18ന് ഗൈദിന്‍ ല്യൂവിനെ സര്‍ക്കാര്‍ അറസ്റ്റുചെയ്തു. ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. അറസ്റ്റിലാകുമ്പോള്‍ അവര്‍ക്ക് പ്രായം 17 വയസ്സ് മാത്രം. 1937 ല്‍ നെഹ്രു ജയിലിലെത്തി ഗൈദിന്‍ ല്യൂവിനെ സന്ദര്‍ശിച്ചു.നാഗന്മാരുടെ റാണി എന്ന് ഗൈദിന്‍ ല്യൂവിനെ ആദ്യമായി വിശേഷിപ്പിച്ചത് നെഹ്രുവാണ്. പില്ക്കാല ജീവിതത്തില്‍ അവര്‍ റാണി മാ എന്നറിയപ്പെടാന്‍ തുടങ്ങി.
പക്ഷേ ഭാരതം സ്വതന്ത്രമായിക്കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റാണിമാ ഗൈദിന്‍ ല്യൂവിന് ജയില്‍ മോചിതയാകാന്‍ കഴിഞ്ഞത്. തന്റെ ഗ്രാമത്തിലോ ജേലിയാംഗ് രാഗ് പ്രവിശ്യയിലോ പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനകളോടെയായിരുന്നു മോചനം. ദീര്‍ഘകാലത്തെ ജയില്‍ വാസം തന്റെ പോരാട്ട വീര്യത്തിന് ഒട്ടും കുറവുവരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു റാണിമായുടെ പില്ക്കാല ജീവിതം. ഇംഗ്ലീഷ് ഭരണകൂടം ഇല്ലാതായെങ്കിലും അവര്‍ തുടങ്ങിവെച്ച ദേശവിരുദ്ധ മിഷണറി – മതപരിവര്‍ത്തന ശ്രമങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ അപ്പോഴും അശാന്തി വിതച്ചുകൊണ്ടിരുന്നു. ക്രിസ്ത്യന്‍ ഭീകരവാദ സംഘടനയായ എന്‍എന്‍സി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നിര്‍ബാധം നടത്തിക്കൊണ്ടിരുന്നു. ജയില്‍ മോചിതയായ ഗൈദിന്‍ ല്യൂ ഇതിനെതിരെ ശക്തമായി പോരാടാനുറച്ചു.
വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ തനത് സംസ്കാരവും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ അവര്‍ പോരാട്ടത്തിനു തയ്യാറെടുത്തു. പ്രദേശ വാസികളെ സംഘടിപ്പിച്ച് ഭൂമിഗത് എന്ന ഒരു സേന രൂപീകരിച്ച് 1960 മുതല്‍ 66 വരെ ക്രിസ്ത്യന്‍ മിഷിണറി ഭീകരവാദവുമായി അവര്‍ നിരന്തര പോരാട്ടത്തിലേര്‍പ്പെട്ടു. 1972 ലാണ് സ്വതന്ത്ര ഭാരതം റാണിമായെ ആദ്യമായി അംഗീകരിച്ചത്. 72 ല്‍ സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിലുള്ള താമ്രപത്രവും 1982 ല്‍ പത്മഭൂഷണും നല്കി രാജ്യം ആദരിച്ചു. 1985 മുതല്‍ വനവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളുമായി റാണിമാ ഗൈദിന്‍ ല്യൂ സഹകരിക്കാനാരംഭിച്ചു. 1985 ല്‍ ഭിലായില്‍ സംഘടിപ്പിക്കപ്പെട്ട വനവാസി കല്യാണ മഹിളാ സമ്മേളനത്തില്‍ റാണി മാ വിശിഷ്ടാതിഥിയായിരുന്നു.
1986 ല്‍ ഭാരതത്തെ ക്രൈസ്തവവത്കരിക്കാനുളള ആഹ്വാനവുമായി പോപ്പ് ജോണ്‍പോള്‍ ദ്വിതീയന്‍ സന്ദര്‍ശനത്തിനെത്തി. ക്രൈസ്തവ സഭയുടെ ഇത്തരം കുത്സിത നീക്കങ്ങള്‍ക്കെതിരെ അവര്‍ പ്രധാനമന്ത്രിക്ക് ശ്രദ്ധേയമായ കത്തെഴുതി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയതും റാണിമായുടെ ശ്രമഫലമായിരുന്നു. പ്രതിവര്‍ഷം രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുമായുള്ള കൂടിക്കാഴ്ച റാണിമായുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കുകയുണ്ടായി. 1969 ല്‍ ജോര്‍ഹാട്ടിലെ ഹിന്ദു മഹാ സമ്മേളത്തില്‍ വച്ചായിരുന്നു ഇത്. ഗുരുജി അവര്‍ക്ക് കൃഷ്ണ ഭഗവാന്റെ ഒരു വിഗ്രഹം സമ്മാനിച്ചു. മരണംവരെ അവര്‍ തന്റെ പൂജാ മുറിയില്‍ ആ വിഗ്രഹം ആരാധിച്ചിരുന്നു. 1979 ലെ മഹാകുംഭമേളയുടെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രണ്ടാം ഹിന്ദു സമ്മേളനത്തില്‍ റാണി മാ പങ്കെടുത്തിരുന്നു. അയോധ്യയിലെ ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിലും അവര്‍ സജീവ പങ്കു വഹിക്കുകയുണ്ടായി.
1993 ഫെബ്രുവരി 17 ന് ജന്മമഗ്രാമമായ ലംഗാവോയില് ഐതിഹാസികമായ ആ ജീവിതത്തിന് തിരശ്ശീല വീണു. റാണി മാ ഗൈദിന്‍ ല്യൂ നടത്തിവന്ന പോരാട്ടം തുടര്‍ന്ന് ഏറ്റെടുത്ത് നടത്തുന്നത് വനവാസി കല്യാണാശ്രമമാണ്. രാഷ്ട്ര തന്ത്രപരമായി ഏറെ പ്രധാനമായ വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്നും ദേശവിരുദ്ധ മിഷിണറി പ്രവര്‍ത്തനം വളരെ സജീവമാണ്. നാഗാലാന്റ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. മതപരിവര്‍ത്തനം കേവലമായ വിശ്വാസത്തിന്റെ തലത്തില്‍ മാത്രമല്ല നടക്കുന്നത്. അത് ദേശീയ അസ്മിതയുെട കടക്കലാണ് കത്തിവയ്ക്കുന്നത്. മതം മാറുന്നതോടെ ഇവിടുത്തെ പരമ്പരാഗത ജനത ദേശവിരുദ്ധ-ഹിന്ദു വിരുദ്ധ ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
അയല്‍ രാജ്യങ്ങളുമായി തന്ത്രപ്രധാന അതിര്‍ത്തികള്‍ പങ്കിടുന്ന ഈ പ്രദേശം ഇത്തരം ദേശവിരുദ്ധമനോഭാവക്കാരുടെ കയ്യില്‍ അകപ്പെടുന്നതോടെ അപകടത്തിലാവുന്നത് രാജ്യസുരക്ഷയാണ്. ഇന്ന് (2015 ജനുവരി 26) റാണിമായുടെ ജന്മശതാബ്ദിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വനവാസി കല്യാണാശ്രമം വിവിധ പരിപാടികളോടെ റാണിമായുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ രാജ്യവ്യാപകമായി ആഘോഷിക്കുകയാണ്. റാണിമായുടെ സന്ദേശങ്ങള്‍ ഭാരതത്തിലുടനീളം പ്രചരിപ്പിക്കുക എന്ന ഉദ്ദേശമാണ് ഈ പരിപാടികള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: