ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോളിലെ അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലത്തിന് അറുതിയില്ല. എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ചുവന്ന ചെകുത്താന്മാര്ക്ക് ഗോള്‍രഹിത സമനില. പ്രീമിയര്‍ ലീഗില്പോലുമില്ലാത്ത കേംബ്രിഡ്ജ് യുണൈറ്റഡാണ് മാന്‍.യുവിനെ കുരുക്കിയത്. ഇതോടെ ദുര്‍ബലരായ പ്രതിയോഗിയെ മറികടക്കാന്‍ ലൂയിസ് വാന്‍ ഗാലിന്റെ കുട്ടികള്‍ക്ക് റീ മാച്ചിന് ഒരുങ്ങേണ്ടിവരും.
പൊസഷന്‍ ഏറെക്കുറെ പൂര്‍ണമായും കയ്യാളിയ മാഞ്ചസ്റ്റര്‍ പടയെ മികച്ച പ്രതിരോധതന്ത്രങ്ങള്‍ വഴി കേംബ്രിഡ്ജ് ടീം തളച്ചിടുകയായിരുന്നു. ഗോളി ക്രിസ് ഡണ്ണിന്റെ തകര്‍പ്പന്‍ സേവുകളും നാലാം ഡിവിഷന് ടീമിന്റെ രക്ഷയ്ക്കെത്തി.
വെയ്ന്‍ റൂണിക്ക് വിശ്രമം അനുവദിച്ച വാന്‍ ഗാല്‍ റദമേല്‍ ഫല്ക്കോവോയെയും ജയിംസ് വില്‍സനെയും സ്ട്രൈക്കിങ് ജോടികളാക്കിയാണ് കളി തുടങ്ങിയത്. നവംബറിനു ശേഷം അദ്നന് ജനുസാജും ആദ്യ ഇലവനിലെത്തി. പക്ഷേ, ഒഴുക്കുള്ള നീക്കങ്ങള്‍ക്ക് മാന്‍.യുവിനു സാധിച്ചില്ല. എയ്ഞ്ചല്‍ ഡി മരിയ അടക്കമുള്ളവര്‍ തീരെ നിറംമങ്ങി.
രണ്ടാം പകുതിയിലും കളി മെച്ചപ്പെടുത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറായില്ല. 63-ാം മിനിറ്റില്‍ മൈക്കല്‍ കാരിക്കിന്റെ ത്രൂബാള്‍ പിടിച്ച ഫല്‍ക്കാവോ തൊടുത്ത ഷോട്ട് ഡണ്‍ ക്രോസ് ബാറിനു മുകളിലേക്ക് തട്ടിയകറ്റുമ്പോള്‍ ഇതു മാന്‍.യുവിന്റെ ദിനമല്ലെന്ന് ഉറപ്പിക്കപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ റോബിന് വാന്‍ പെഴ്സിയും ഗോളടിക്കാന്‍ നിയോഗിക്കപ്പെട്ടു. മരിയയുടെ മനോഹരമായ പാസില്‍ വാന്‍പെഴ്സിയുടെ ക്ലോസ് റേഞ്ച് ഹാഫ് വോളിയും ലക്ഷ്യം പാളിപ്പോയി. അവസാന നിമിഷങ്ങളില്‍ മാഞ്ചസ്റ്റര്‍ താരങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും കേംബ്രിഡ്ജ് പ്രതിരോധം കോട്ടകെട്ടിയതോടെ ഗോള്‍ വഴികളടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: