കൊച്ചി: അമ്പതില്‍പ്പരം ചിത്രകാരന്മാര് പമ്പാനദിയുടെ തീരത്തുവെച്ച് പ്രകൃതിയെ ആധാരമാക്കി വരച്ച ബഹുവര്‍ണചിത്രങ്ങളുടെ പ്രദര്‍ശനം എറണാകുളം ടിഡിഎം ഹാളില്‍ ഇന്ന് ആരംഭിക്കും. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് എം.കെ. സാനു അധ്യക്ഷത വഹിക്കും. മുന്‍മന്ത്രി ബിനോയ് വിശ്വം, ആര്‍ട്ടിസ്റ്റ് ടി. കലാധരന്‍, കവി എസ്. രമേശന്‍നായര്‍, ആര്‍ട്ടിസ്റ്റ് പാരീസ് മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. പി. രാമചന്ദ്രന്, ആര്.എസ്.നായര്‍ എന്നിവര്‍ സംസാരിക്കും.
ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് ആറന്മുളയുടെ നിറക്കൂട്ടിന് നാന്ദികുറിച്ച് കൊടിക്കൂറ ഉയര്‍ന്നു. ആറന്മുളയുടെ പ്രതീകമായി ആറ് മുളകളില്‍ തീര്‍ത്ത നിറക്കൂട്ട് മേജര്‍ രവി ഉദ്ഘാടനം ചെയ്തു. സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനായി സാംസ്കാരിക കലാ നായകന്മാര് നേതൃത്വം നല്കി മുന്നിട്ടിറങ്ങുന്നത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. പുതിയ തലമുറ നമ്മുടെ പാരമ്പര്യത്തിന്റെയും അതിന്റെ വിഭവങ്ങളുടെയും സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്നും മുതിര്‍ന്നവര്‍ അവര്‍ക്ക് വഴികാട്ടികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്കാരം, പൈതൃകം ഇവ നമ്മുടെ രാജ്യത്തിന്റെ നെടുംതൂണാണെന്നും ഈ തൂണുകള്‍ തകര്‍ക്കാതെ നിലനിര്‍ത്തുകയാണ് ധര്‍മ്മമെന്നും മാധ്യമങ്ങള്‍ ജനങ്ങളുടെ നന്മക്കായി, ഭാവിതലമുറക്കായി പാരിസ്ഥിതിക സംരക്ഷണ വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും വിശ്വചിത്രകാരന് പാരീസ് മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
വൈകിട്ട് ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ പി. രാമചന്ദ്രന്, കുമ്മനം രാജശേഖരന്, കെ.പി.കെ. മേനോന്, ഡോ. എന്‍.സി. ഇന്ദുചൂഡന്, സി.ജി. രാജഗോപാല്‍, ക്യാപ്റ്റന്‍ സുന്ദരം, ആര്.എസ്. നായര്‍, എ.കെ. ഉണ്ണികൃഷ്ണന്, ബാബു. സി, സജിത്ത് പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനവേദിയില്‍ ആറന്മുള പള്ളിയോടം, തിരുവോണത്തോണി, ആറന്മുള കണ്ണാടി, കൊടിക്കൂറ എന്നിവയും ആറന്മുള കണ്ണാടി നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൈതൃക മണ്ണ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: