അതിരമ്പുഴ: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പൊതുവഴി നിര്‍മ്മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം ഹൈക്കോടതി സ്റ്റേ ചെയ്തു. അതിരമ്പുഴ പൈനേലില് ബിജോമോന്‍ തോമസിന്റെ പുരയിടത്തില്ക്കൂടിയാണ് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ പൊതുവഴി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമം നടത്തിയത്.
തന്റെ സ്ഥലത്തുകൂടി വ്യാജരേഖ ചമച്ചും പഞ്ചായത്ത് ഫണ്ട് ദുര്‍വിനിയോഗം ചെയ്തും റോഡ് നിര്‍മ്മിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജോമോന് തോമസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്. ബാബു ജോര്‍ജ് പുതുശേരി എന്നയാളുടെ പുരയിടത്തിലേക്കുള്ള മൂന്നടി വീതിയുള്ള നടപ്പുവഴിയാണ് വീതികൂട്ടി പഞ്ചായത്ത് റോഡാക്കി മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നത്. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപയും അനുവദിച്ചു. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള റോഡിന്റെ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത സുരേഷ് കുറുപ്പ് എംഎല്‍എയും ഇതോടെ വെട്ടിലായി.
ഈ റോഡ് നിര്‍മ്മാണത്തിന്റെ ഉദ്ദേശം ബാബുവിന്റെയും മറ്റും പുരയിടത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതിനുള്ള വഴിയുണ്ടാക്കുകയും അതിലൂടെ സാമ്പത്തിക ലാഭം നേടുക എന്നതുമാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ താത്പര്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: