തിരുവനന്തപുരം: പ്രകൃതിയെ മറന്നുകൊണ്ടുള്ള മനുഷ്യന്റെ പരക്കം പാച്ചില്‍ നാടിനാപത്താണെന്ന് മാതാ അമൃതാനന്ദമയി ദേവി. മനുഷ്യരാശി ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് നടുവിലാണ്. പ്രകൃതി സംരക്ഷണത്തില്‍ നാം ബോധവാന്മാരാകണം. പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ദൈവമല്ല മനുഷ്യന് തന്നെയാണ്. മനുഷ്യന് ഭൗതികമായ എന്തൊക്കയൊ നേടാനുളള പരക്കം പാച്ചിലിലാണ്.
കൈമനം ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമ്മ.ആഗോളതാപം ഉയരുന്നു, പ്രകൃതി ക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുന്നു, തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും ദാരിദ്ര്യവും പല രാജ്യങ്ങളിലും മനുഷ്യനെ വലച്ചുകൊണ്ടിരിക്കുന്നു. പണത്തിന് വേണ്ടി എന്ത് ക്രൂരതയ്ക്കും മനുഷ്യന് കൂട്ട് നില്ക്കുന്നു. ഏത് വിധത്തിലും പണം സമ്പാദിക്കുക, മതിയാവോളം മദ്യപിക്കുക, വിവേചനമില്ലാതെ ഭോഗ സുഖങ്ങളില്‍ രമിക്കുക എന്നത് മാത്രമായിരിക്കുന്നു ജീവിത ലക്ഷ്യം. യുവതലമുറ മൂല്യങ്ങളെല്ലാം കാറ്റില്‍ പറത്തി ജീവിതം നയിക്കുന്നു. ഈ പ്രവര്‍ത്തികളിലൂടെ വന്‍ വിപത്തുകളാണ് മനുഷ്യരാശി വിളിച്ചുവരുത്തി കൊണ്ടിരിക്കുന്നത്.
സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും അഭാവമാണ് ലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്നും അമ്മ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് ഒരു വ്യക്തിയെ കുറിച്ച് പറയുന്നത് പോലെയാണ് അയാള്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പറയുന്നത്. ഇന്റര്‍നെറ്റ് സാങ്കേതിക വിപ്ലവം ഉണ്ടാക്കിയെങ്കിലും ദൂരവ്യാപങ്ങളായ അപകടങ്ങളും ദുരുപയോഗത്തില്‍ ഉണ്ടായേക്കാവുന്ന വിപത്തും ഭയാനകമാണെന്നും ് പക്വത ഉണ്ടാകുന്നതുവരെ മാതാപിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ശ്രദ്ധിക്കണമെന്നും അമ്മ ഉപദേശിച്ചു.
ശ്രദ്ധയും ജാഗ്രതയും ജീവിതത്തില്‍ വച്ച് പുലര്‍ത്തണം. ദുഷ് ചിന്തകള്‍ കളളന്മാരെ പോലെയാണ്. ശ്രദ്ധ തെറ്റിയാല്‍ നമ്മുടെ മനസ്സിനെ തട്ടികൊണ്ട് പോകും. ജാഗ്രതയുളള മനസ്സില്‍ തെറ്റായ ചിന്ത ഉണ്ടായാല്‍ മാറ്റിയെടുക്കാന്‍ കഴിയും. ജാഗ്രത അല്ലെങ്കില്‍ ബോധം പ്രകാശമാണ്. മനസ്സ് ഇരുട്ടും. പ്രകാശം വരുമ്പോള്‍ ഇരുട്ട് താനേ മാറികൊളളും. പ്രേമത്തില്‍ ജനിച്ച് പ്രേമത്തില്‍ ജീവിച്ച് പ്രേമത്തില്‍ അവസാനിക്കാനുളളതാണ് മനുഷ്യജന്മം. പരിശുദ്ധമായ പ്രേമത്തിന് അന്ത്യമില്ലെന്നതാണ് സത്യം. പ്രപഞ്ചത്തിലെ ജീവരാശികളെ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രേമമാണ്. അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: