മധ്യ കേരളത്തിലെ പൂരപ്പറമ്പുകളുടെ മാറ്റു കൂട്ടുന്നതിന് മേളം ഒരു അവിഭാജ്യഘടകമാണ്. ഇരുന്നൂറിലധികം കലാകാരന്മാര് നിരന്ന് നാലുമണിക്കൂറോളം മഴപോലെ പെയ്ത് പെയ്ത് ഒടുവില്‍ കാലം മുറുകി കലാശിക്കുന്നു. ഒരു കൂട്ടായ്മയുടെ കലയാണ് മേളമെങ്കിലും അതിന്റെ കൃത്യതയും ചടുലതയും രൂപഘടനയും കരുത്തുറ്റ ഒരു മേളപ്രമാണിയുടെ കൈയില്‍ നിയന്ത്രിതമാണ്.
കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലേറെക്കാലമായി കിഴക്കൂട്ട് അനിയന് മാരാര്‍ തന്റെ വശ്യമായ പ്രമാണത്തിന്റെ കൈവഴക്കം കൊണ്ട് മേളങ്ങളെ അതിന്റെ ക്ലാസിക്കല്‍ തലങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. തന്റെ പ്രയോഗത്തിലെ സൂക്ഷ്മതകൊണ്ടും നേതൃത്വത്തിന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ടും ക്രമാനുസൃതമായി കടന്നുപോകുന്ന കാലദൈര്‍ഘ്യങ്ങളെ അതിന്റെ നിയതമായ ചട്ടക്കൂടിലൂടെ കൃത്യമായി ഇടങ്ങളിലേക്ക് കൊണ്ടെത്തിച്ച് മേളത്തെ അതിന്റെ പൗരാണിക പ്രൗഢിയില്‍ തന്നെ നിലയുറപ്പിച്ചു നിര്‍ത്തുന്നു.
കൊല്ലവര്‍ഷം 1121 എടവമാസം അത്തം നക്ഷത്രത്തില്‍ കാളിക്കുട്ടിമാരാസ്യാരുടെയും പരിയാരത്ത് കൃഷ്ണന്‍കുട്ടി മാരാരുടേയും മൂന്നാമത്തെ മകനായി നെട്ടിശ്ശേരി കിഴക്കൂട്ട് മാരാത്ത് ജനിച്ച അനിയന്മാരാര് തന്റെ പതിനൊന്നാമത്തെ വയസ്സില്‍ നെട്ടിശ്ശേരി ശിവ ശാസ്താക്ഷേത്രത്തില്‍ വെച്ച് തായമ്പകയിലാണ് അരങ്ങേറ്റം നടത്തിയത്. പ്രശസ്ത മേള വിശാരദനായ പരിയാരത്ത് കുഞ്ചുമാരാരെ ഗുരുവായി സ്വീകരിച്ച് പതിനേഴാമത്തെ വയസ്സില്‍ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം ഇലഞ്ഞിത്തറ മേളത്തിന് മുന്‍നിരയില്‍ നിന്നും കൊട്ടാന്‍ തുടങ്ങി. അക്കാലത്ത് പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിയായിരുന്നത് പ്രഗത്ഭനായിരുന്ന പരിയാരത്ത് കുഞ്ഞന്‍ മാരാരായിരുന്നു.
പിന്നീട് 1999 ല്‍ ചക്കംകുളം അപ്പുമാരാര്‍ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം മേളപ്രമാണം കഴിഞ്ഞുപോയപ്പോള്‍ നേതൃത്വമാറ്റത്തില്‍ വന്ന മത്സരപ്രവണതയില്നിന്നും വിമുഖത കാണിച്ച് ആരോടും പരിഭവമില്ലാതെ പാറമേക്കാവില്‍ നിന്നും പടിയിറങ്ങി പോന്ന അനിയന് മാരാര്‍ പിന്നീട് തൃശൂര്‍ പൂരത്തിന്റെ പ്രധാന ഘടകപൂരങ്ങളായ ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് എന്നീ പൂരങ്ങളുടെ അമരക്കാരനായാണ്. അതുകൊണ്ട് ഈ പൂരങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അനിയന് മാരാര്‍ക്ക് സാധിച്ചു.
2006 ല്‍ പാറമേക്കാവ് വിഭാഗത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് തൃശൂര്‍ പൂരത്തിന്റെ പകല്‍പൂരം പ്രമാണം ഏറ്റെടുത്തു. അക്കൊല്ലം തൃശൂര്‍ പൂരത്തിന് പ്രമാണിത്തം വഹിച്ച അനിയന് മാരാര്‍ നിലവാരമുള്ള ഒരു മേളം നയിച്ച തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ഈ വിഭാഗത്തിന് രണ്ടു മേളപ്രമാണിമാര്‍ ഉണ്ടാകുന്നത് ആദ്യമാണ്.
2011 ല്‍ തിരുവമ്പാടി വിഭാഗം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെ ഒഴിവാക്കി കിഴക്കൂട്ട് അനിയന് മാരാരെ തൃശൂര്‍ പൂരത്തിന്റെ മേള പ്രമാണിയാക്കിത്തീര്ക്കുകയായിരുന്നു. അത് വലിയ വാര്‍ത്തയും ഒരു ചരിത്രവുമായി പിന്നീട് മാറി. പട്ടാരത്ത് ശങ്കരമാരാര്‍, കാരേക്കാട് ഈച്ചരമാരാര്‍, തൃപ്പേക്കുളം അച്യുതമാരാര്‍ എന്നീ അതികായന്മാര് അടക്കി വാണിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ മേളത്തിന്റെ മാറ്റ് നീണ്ട ഒരു കാലത്തിനുശേഷം അനിയന് മാരാരിലൂടെ തിരുവമ്പാടി വിഭാഗം തിരിച്ചുപിടിക്കുകയും തൃശൂര്‍പൂരത്തിന് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
കേരളത്തിലെ ശ്രദ്ധേയമായ അരങ്ങായ തൃശൂര്‍പൂരത്തിന്റെ പ്രമാണസ്ഥാനത്തെത്തിയതോടെ കിഴക്കൂട്ടിന്റെ പ്രമാണം കൊതിച്ച് സംഘാടകരുടെ കുത്തൊഴുക്കായിരുന്നു. ഒട്ടേറെ ഉത്സവങ്ങള്‍ക്ക് അദ്ദേഹം നായകനായി.
2002 ല്‍ ആരാധകരും നാട്ടുകാരും കലാകാരന്മാരും ഒത്തുചേര്‍ന്ന് ഒല്ലൂക്കരയില്‍ വെച്ച് നല്കപ്പെട്ട പൗരസ്വീകരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി ‘മേള കലാരത്നം’ എന്ന കീര്‍ത്തി മുദ്ര അനിയന്മാര്ക്ക് സമ്മാനിച്ചു. 2010 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു. ഇതിനു പുറമെ പ്രഥമ പെരിങ്ങാവ് ധന്വന്തരി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അനിയന്‍മാരാരെ തേടി വന്നു.
മേളം എന്ന ക്ലാസിക്കല്‍ കലയുടെ തനതുവഴിയില്നിന്നും വിട്ടുനില്‍ക്കാന്‍ വിമുഖത കാണിച്ച അനിയന് മാരാര്‍ മേളകലയിലെ ഒരുകാലത്തെ വിശാരദന്മാരായ പരിയാരത്ത് കുഞ്ഞന്‍ മാരാര്‍, പരിയാരത്തു കുഞ്ചുമാരാര്‍, കുറുപ്പത്ത് ഈച്ചരമാരാര്‍, കുറുപ്പത്ത് നാണു മാരാര്‍ എന്നിവര്‍ കുറിച്ചിട്ട കൊട്ടുവഴി പരമ്പരയിലെ അവസാനിക്കാത്ത കണ്ണിയാകുകയായിരുന്നു.
തൃശൂര്‍ പൂരത്തിന് പുറമെ പെരുവനം, ആറാട്ടുപുഴ, തൃപ്രയാര്‍ ഏകാദശി, ഗുരുവായൂര്‍, കുട്ടനെല്ലൂര്‍, ചെനക്കത്തൂര്‍, എടക്കുന്നി ഉത്രം വിളക്ക്, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവം തുടങ്ങി നിരവധി വലിയ പൂരങ്ങള്‍ക്ക് അനിയന് മാരാര്‍ നേതൃത്വം കൊടുത്തുവരുന്നു.
അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെങ്കിലും അതിലൊന്നും ഒട്ടും ശ്രദ്ധിക്കാന്‍ സമയംകൊടുക്കാതെ കിഴക്കൂട്ട് അനിയന് മാരാര്‍ കൊട്ടിക്കയറുക തന്നെയാണ്. കാലത്തിനപ്പുറത്തേക്ക് കെല്‍പ്പുള്ള ഒരു മേളപ്രമാണിയായി മേളത്തെ നാളേക്ക് നയിച്ചുകൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: