അന്തിക്കാട്: ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കുന്നത് കൈയ്യോടെ പിടിച്ചതിനെ തുടര്‍ന്ന് നാടോടി സ്ത്രീ ബസിലും പുറത്തുമായി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇന്നലെ രാവിലെ 10.30ന് അന്തിക്കാട് ആല് പരിസരത്ത് വച്ചായിരുന്നു സംഭവം.
തൃപ്രയാറില്‍ നിന്ന് അന്തിക്കാട് കാഞ്ഞാണി വഴി തൃശൂരിലേക്ക് പോകുന്ന ഗൗരി വരദ ബസില്‍ വച്ച് തേക്കുപുഴ സ്വദേശി ചിറ്റിലപ്പിള്ളി ഗ്രീഷ്മ ബാഗില്‍ മറ്റൊരു പേഴ്സില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപയാണ് നാടോടി സ്ത്രീ കവര്‍ന്നത്.
ഗ്രീഷ്മയുടെ പേഴ്സില്‍ നിന്ന് പണം കവരുന്നത് മറ്റൊരു യാത്രക്കാരി കണ്ട് ഗ്രീഷ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാടോടി സ്ത്രീയെ കയ്യോടെ പിടികൂടി. എന്നാല്‍ യാത്രികര്‍ പിടികൂടാന്‍ എത്തിയതോടെ നാടോടി സ്ത്രീ തന്റെ വസ്ത്രങ്ങള്‍ സ്വയം കീറിയെറിയാന്‍ തുടങ്ങി. അര്‍ദ്ധ നഗ്നയായ യുവതിയെ പിടികൂടാന്‍ ഇതോടെ മറ്റ് യാത്രികര്‍ മടിച്ചു. എന്നാല്‍ വീട്ടമ്മയായ ഗ്രീഷ്മ വിട്ടുകൊടുത്തില്ല. ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും തന്റെ ഭര്‍ത്താവ് മണലാരണ്യത്തില്‍ കിടന്ന് പണിയെടുത്ത് ഉണ്ടാക്കിയ പണം അപഹരിച്ചവരെ വിടാന്‍ കഴിയില്ലെന്നും വാദിച്ചു.
തുടര്‍ന്ന് നാടോടി സ്ത്രീ ഗ്രീഷ്മയോട് മാപ്പ് അപേക്ഷിച്ചെങ്കിലും വീട്ടമ്മ ഉറച്ച് തന്നെ നിന്നു. ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ സ്ത്രീക്ക് പിന്നാലെ നാട്ടുകാരും കൂടി. അന്തിക്കാട് പോലീസ് സ്റ്റേഷന് അടുത്ത് നടന്ന സംഭവത്തില്‍ വിവരം അറിയിച്ചിട്ടും 20 മിനിറ്റ് കഴിഞ്ഞാണ് പോലീസ് എത്തിയതെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു.
ഈ സമയം കാഞ്ഞാണി സെന്ററിനടുത്ത് വരെ അര കിലോമീറ്ററോളം അര്‍ദ്ധനഗ്നയായി യുവതി നടന്നുനീങ്ങിയിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെ മല്‍പ്പിടുത്തത്തിലൂടെയാണ് നാടോടി സ്ത്രീയെ പോലീസ് പിടികൂടിയത്. ഇത്തരം മോഷണങ്ങളുമായി ഇറങ്ങുന്ന നാടോടി സ്ത്രീകളെ പലപ്പോഴും പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കാറാണ് പതിവ്. പോലീസ് സ്റ്റേഷനിലും ഇത്തരത്തിലുള്ള നാടകങ്ങള്‍ കാണിച്ച് രക്ഷപ്പെടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: