ന്യൂദല്‍ഹി: ശബരിമലയുടെ വികസനത്തിനായി കൂടുതല്‍ വനഭൂമി വിട്ടുനല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം മരം വെച്ചുപിടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്കുന്നതനുസരിച്ച് കേന്ദ്രത്തിന്റെ അധീനതയിലുള്ള വനഭൂമി വികസനാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കും. കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവധേക്കര്‍ വ്യക്തമാക്കി. വനഭൂമി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തിയ സംസ്ഥാന ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിനോടാണ് ജാവധേക്കര്‍ കേന്ദ്രതീരുമാനം അറിയിച്ചത്.
പെരിയാര്‍ കടുവ സങ്കേതത്തിനോട് ചേര്‍ന്ന വനഭൂമിയിലാണ് ശബരിമല ക്ഷേത്രം. നിലവില്‍ 61 ഏക്കര്‍ സ്ഥലം മാത്രമാണ് ക്ഷേത്രത്തിനുള്ളത്. അതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ ശബരിമല വികസനത്തിനായി 100 ഹെക്ടര്‍ സ്ഥലമെങ്കിലും അത്യാവശ്യമാണെന്ന് മന്ത്രി ശിവകുമാര്‍ കേന്ദ്രമന്ത്രിയോട് പറഞ്ഞു.
2003 ല്‍ പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മറ്റി ശബരിമല സന്ദര്‍ശിച്ചപ്പോള്‍ ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി 500 ഹെക്ടര്‍ വനഭൂമി ആവശ്യമാണെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 2004 ല്‍ സുപ്രീം കോടതിയുടെ അംഗീകാരത്തിന് വിധേയമായി കേന്ദ്ര സര്‍ക്കാര്‍ 12.675 ഹെക്ടര്‍ ഭൂമി ശബരിമല വികസനത്തിനായി അനുവദിക്കുകയുണ്ടായി. എന്നാല്‍ അതിനു ശേഷം വനഭൂമി അനുവദിക്കാന്‍ നടപടികളുണ്ടായിട്ടില്ല, മന്ത്രി പറഞ്ഞു.
ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പൊതു ബജറ്റില്‍ 100 കോടി രൂപ നീക്കി വെക്കണമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് നല്കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: