ചേര്‍ത്തല: അന്ധകാരനഴി ഷട്ടര്‍ താഴ്ത്തിയില്ല, ജനപ്രതിനിധികള്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ തടഞ്ഞുവച്ചു. ഷട്ടര്‍ താഴ്ത്താത്തതിനാല്‍ അന്ധകാരനഴി പ്രദേശത്തെ തീരദേശ വീടുകളില്‍ ഓരു വെള്ളം കയറി ശുദ്ധജലവും കൃഷിയും വീട്ടിലെ ഉപകരണങ്ങളും നശിക്കുകയും ജനങ്ങള്‍ക്ക് വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. കക്കൂസ് മാലിന്യം ഉള്‍പ്പെടെ പ്രദേശത്തെ ശുദ്ധജല സ്രോതസുകളില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എന്‍ജിനീയറെ തടഞ്ഞത്.
സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായപ്പോള്‍ കളക്ടറെ ബന്ധപ്പെട്ട് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കി. 200 മീറ്റര്‍ നീളത്തില്‍ നാലു മീറ്റര്‍ വീതിയില്‍ മണല്‍ചാക്ക് അട്ടിക്കിട്ട് കടലില്‍ നിന്ന് ഓരു വെള്ളം കയറുന്നത് തടയുവാന്‍ തീരുമാനമുണ്ടായി. ഇതിന് ശേഷമാണ് ഉപരോധക്കാര്‍ പിരിഞ്ഞുപോയത്. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ആഘോഷ്കുമാര്‍, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതീരാജന്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. രാജേശ്വരി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: