കായംകുളം: കോടികളുടെ മയക്കുമരുന്നു കേസിലെ സൂത്രധാരന്‍ കരീലകുളങ്ങര സ്വദേശി മനീഷ് ദല്‍ഹി പോലീസിന്റെ വരവറിഞ്ഞ് മുങ്ങി. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി വിവിരങ്ങള്‍ ശേഖരിച്ചു.
കായംകുളം, കരീലകുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളില്‍ വിവിധകേസുകളിലെ പ്രതിയാണ് മനീഷ്. ദല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി പോലീസ് പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിന്റെ ഉറവിടവും സൂത്രധാരനും കായംകുളം കരീലകുളങ്ങര സ്വദേശി മനീഷാണന്ന് പോലീസിന് അറിയാന്‍ സാധിച്ചത്.
മനീഷിനെ തിരക്കി ദല്‍ഹി പോലീസ് കായംകുളത്ത് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. നിരവധി കേസുകളില്‍ പ്രതിയായ മനീഷിനെ പിടികൂടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ പലപ്പോഴും പാളിയതിനു പിന്നില്‍ ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്. ദല്‍ഹിയില്‍ പിടിയിലായ കായംകുളം പുളിമുക്ക് സ്വദേശികളായ സിദ്ദിഖ് (19), അജയ്(20) എന്നിവരുടെ പക്കല്‍ നിന്നും 138 പായ്ക്കറ്റു മയക്കുമരുന്നാണ് ദല്‍ഹി പോലീസ് പിടികൂടിയത്.
ദുബായ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഷാജി എന്നയാളുമായി ബന്ധമുള്ളയാളാണ് മനീഷ്. ഇരുവരും നിരവധി തവണ മയക്കുമരുന്ന് കച്ചവടം നടത്തിയിട്ടുണ്ടന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മനീഷിന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം ആദ്യവാരത്തിലാണ് സിദ്ദിഖും, അജയും മയക്കുമരുന്നമായി തീവണ്ടിയില്‍ യാത്രചെയ്തത്.
കായംകുളത്തുനിന്നും ചെങ്കോട്ടവഴി ചരക്കുവണ്ടിയില്‍ ചെന്നൈയില്‍ എത്തിയശേഷമാണ് ഇവര്‍ ട്രെയിനില്‍ തുടര്‍ യാത്രചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
മയക്കുമരുന്നുമായി ജമ്മുവിലെത്തിയ രണ്ടംഗസംഘം മൂന്നുദിവസം അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു തുടര്‍ന്ന് ദല്‍ഹിയില്‍ ട്രെയിനില്‍ വന്നിറങ്ങുകയായിരുന്നു. ഇതെല്ലാം മനീഷിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് പിടിയിലായവര്‍ പോലീസിന് മൊഴിനല്‍കി. മനീഷിനെക്കുറിച്ചുള്ള അന്വേഷണത്തിനായി മൂന്നുദിവസമായി ദല്‍ഹി പോലീസ് കായംകുളത്ത് ക്യാമ്പു ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: