തിരുവനന്തപുരം: പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണസംഘം ഇന്നലെ വീണ്ടും ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തി. ബിജുവിന്റെ കൈവശമുള്ള പൂര്‍ണമായ ശബ്ദരേഖ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ബിജു നല്കിയ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയുടെ സിഡി വിജിലന്‍സ് സംഘം കോടതിയില്‍ ഹാജരാക്കി.
അതിനിടെ, തന്റെയും കുടുംബത്തിന്റെയും ജീവനു ഭീഷണിയുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. തനിക്കും കുടംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ ഒരാള്‍ തന്റെ വീട്ടിലെത്തിയിരുന്നു. മൂന്നുപേര്‍കൂടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംന്ധിച്ചു പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. ബാര്‍ കോഴ സംബന്ധിച്ചു വിജിലന്‍സിന് മുന്നില്‍ വീണ്ടും മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു രമേശ്.
ബാര്‍ ഓണേഴ്സ് അസോസിയേഷന്റെ കമ്മിറ്റി ചര്‍ച്ച ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഭാരവാഹികള്‍ അല്ലാത്തവരും പണം നല്‍കിയതിന്റെ കണക്കുകള്‍ ശബ്ദരേഖയില്‍ വ്യക്തമാണ്. കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തു വിടുന്നത് സംഘടനാവിരുദ്ധമാണ്. എന്നാല്‍ സത്യം പുറത്തു കൊണ്ടുവരുന്നതിനു വേണ്ടിയാണ് സംഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബിജു പറഞ്ഞു. ഭാരവാഹികളില്‍ ചിലര്‍ സമ്മര്‍ദ്ദം മൂലം മൊഴി മാറ്റിപ്പറയുന്നുണ്ട്. എന്നാല്‍ മാനസികമായി എല്ലാവരുടെയും പിന്തുണ തനിക്കുണ്ട്.
മറ്റുള്ളവര്‍ക്ക് അവരുടെ നിലപാട് സ്വീകരിക്കാമെന്നും അറിയിച്ചിരുന്നു. തന്റെ മൊഴിക്ക് പിന്തുണയായാണ് ശബ്ദരേഖകള്‍ വിജിലന്‍സിന് നല്‍കിയത്. എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്ന് വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ബജറ്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഭരണമുന്നണിയിലെ പ്രമുഖ നേതാവായ ആര്. ബാലകൃഷ്ണപിള്ള തന്നെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി. ബാര്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹിയായ അനിമോന് ഉള്‍പ്പെടെയുള്ളവര്‍ പാലാരിവട്ടത്തെ ഹോട്ടലില്‍ യോഗം ചേര്‍ന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: