മുഹമ്മ(ആലപ്പുഴ): ‘കോണ്‍ഫോക്കല്‍ മൈക്രോസ്കോപ്പ്’ എന്ന അത്യാധുനിക ഉപകരണം വികസിപ്പിച്ചെടുത്ത് സാങ്കേതിക രംഗത്ത് താരമാവുകയാണ് ഡോ.എം.ആര്. രാംദാസ് പിള്ള. ഭാരതത്തിന് അഭിമാനിക്കാവുന്ന ശാസ്ത്രനേട്ടമാണ് തിരുവനന്തപുരം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡോ. രാംദാസ് പിള്ള എംഡിയായ വിന്‍വിഷ് ടെക്നോളജീസ് വികസിപ്പിച്ചെടുത്തത്. ഇത്തരം ഒരുപകരണം വികസിപ്പിച്ചെടുത്ത ഭാരതത്തിലെ ആദ്യകമ്പനി രാംദാസ് പിള്ളയുടേതാണ്. കോണ്‍ഫോക്കല്‍ മൈക്രോസ്കോപ്പിലൂടെ വിന്വിഷിന് ദേശീയ അംഗീകാരവും നേടാനായി.
വിഷം, കാന്‍സര്‍, വ്യാജ മരുന്നുകള്‍, പാറകള്‍ തുടങ്ങിയവയിലെ ഘടകങ്ങള്‍ പാളി പാളിയായി കാണാനും തിരിച്ചറിയാനും കോണ്‍ഫോക്കല്‍ മൈക്രോസ്കോപ്പ് കൊണ്ട് കഴിയും. കണ്ണുകള്‍ കൊണ്ട് നേരിട്ടു കാണുന്നത് പോലെ കൃത്യമായ വിവരങ്ങളും ലഭിക്കും. ത്രിമാന വീക്ഷണം നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍, ലേസര്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. ഗവേഷകര്‍ക്ക് ഇതിന്റെ പ്രയോജനം മെച്ചപ്പെട്ടതാണ്. ഈ ഉപകരണം ഇറക്കുമതി ചെയ്യാന്‍ അഞ്ചു കോടിയെങ്കിലും വേണ്ടിവരും. എന്നാല്‍ ഒന്നരക്കോടിക്ക് കേരളത്തില്‍ നിര്‍മ്മിച്ചു നല്‍കാനാകുമെന്ന് വിന്‍വിഷ് ജനറല്‍ മാനേജര്‍ പയസ് വര്‍ഗീസ് ‘ജന്മഭൂമി’യോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ ആന്‍ഡ് റീച്ച് ഗ്ലോബല്‍ പദ്ധതിയില്‍പ്പെട്ട ആദ്യ ഉത്പന്നമാണിതെന്നും അദ്ദേഹം പറഞ്ഞു.
വേദനരഹിത അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ലേസര്‍ ഉപകരണം 2013ല്‍ ഡോ. രാംദാസ്പിള്ള വികസിപ്പിച്ചെടുത്തിരുന്നു. ഫോട്ടോ ഡൈനാമിക് തെറാപ്പി വഴിയാണ് അര്‍ബുദത്തിന് ചികിത്സ നല്‍കുന്നത്. ഈ ഉപകരണവും വിന്വിഷാണ് പുറത്തിറക്കിയത്. ഈ കണ്ടെത്തലിനും ഇന്നോവേഷന്‍ ഗ്രോത്ത് പ്രോഗ്രാമില്‍പ്പെടുത്തി സ്വര്‍ണമെഡലും നേടിയിരുന്നു. മുഹമ്മയില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാംദാസ് പിള്ള സജീവസാന്നിദ്ധ്യമാണ്. മണക്കാട്ടംപള്ളില് ഫാമിലി ട്രസ്റ്റ് രൂപീകരിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുഹമ്മ മണക്കാട്ടംപള്ളില് പരേതരായ രാമപണിക്കരുടെയും ചെല്ലമ്മയുടെയും മകനാണ് ഡോ. എം. ആര്. രാംദാസ് പിള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: