ആറന്മുള: ആറന്മുള നിറക്കൂട്ട് എന്ന പേരില്‍ 25 മുതല്‍ എട്ട് ദിവസം കൊച്ചിയില്‍ നടക്കുന്ന അഖില ഭാരത ചിത്രപ്രദര്‍ശനത്തിലേക്ക് ആറന്മുള പൈതൃകത്തിന്റെ ശേഷിപ്പുകളുമായി പ്രയാണമാരംഭിച്ചു.
ആറന്മുള ക്ഷേത്രത്തിന്റെ മുന്നിലുളള പുത്തരിയാലിന്റെ ചുവട്ടില്‍ വച്ച് ആറന്മുള പുത്തരിക്കണ്ടത്തില്‍ നിന്നെടുത്ത വിളമണ്ണ് നിറച്ച കുടം പ്രായം ചെന്ന കര്‍ഷകത്തൊഴിലാളിയായ പൊയ്കയില്‍ രാഘവന് പ്രദര്‍ശനത്തിന്റെ ചുമതല വഹിക്കുന്ന കുമ്മനം രാജശേഖരന് കൈമാറി.
പ്രദര്‍ശനത്തിന് വെക്കുന്ന ആറന്മുള കണ്ണാടി, കൊടിക്കുറ, പളളിയോട ശില്പം, അമരചാര്ത്ത്, അടനയമ്പ്, തുഴനയമ്പ് തുടങ്ങിയവയുടെ കൈമാറ്റവും നടന്നു. ആറന്മുള വിമാനത്താവള വിരുദ്ധസമരത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖരും, പ്രശസ്തരുമായ ചിത്രകാരന്മാര് കഴിഞ്ഞ മേയ് 9 മുതല്‍11 വരെ പമ്പാതീരത്ത് താമസിച്ച് കാന്‍വാസില്‍ വരച്ച 50 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഗതകാല കാര്‍ഷിക സംസ്കൃതിയുടെ അഭിമാനമായ ഓര്‍മ്മകള്‍ തുടിച്ചു നിന്ന അന്തരീക്ഷത്തില്‍ പുത്തരിയാല്‍ ചുവട്ടില്‍ കര്‍ഷകരും, കര്ഷകതൊഴിലാളികളും, പൈതൃക പ്രകൃതി സ്നേഹികളും അടക്കം ഒട്ടേറെ പേര് പങ്കെടുത്തു. ആറന്മുളയുടെ നാമ പ്രതീകമായി ആറ് മുളകളും പ്രദര്‍ശനത്തിനായി ഏറ്റുവാങ്ങി. ഇന്ദുചൂഡന്. പി, ഷാജി ചാക്കോ, പി. ആര്. ഷാജി, രാമചന്ദ്രനാചാരി, ചന്ദ്രശേഖരന് നായര്‍, വി.ജി.മോഹനന്, മുരുകന്, വിജയമ്മ.എസ്.പിളള മുതലായവര്‍ പങ്കെടുത്തു.
പ്രദര്‍ശനം എറണാകുളം ടിഡിഎം ഹാളില്‍ 25-ന് രാവിലെ 11 ന് ശില്പി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സംഘാടകസമിതി ചെയര്മാന് പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. കാര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ മന്ത്രി ബിനോയി വിശ്വം, കവി എസ്. രമേശന് നായര്‍, ആര്‍ട്ടിസ്റ്റ് കലാധരന്‍, പാര്‍ത്ഥസാരഥി വര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആറന്മുളയില് നിന്നും കൈമാറിയ വിളമണ്ണു കുംഭം ഇന്ന് വൈകിട്ട് 5.30 ന് പ്രദര്‍ശനശാലയില്‍ സ്ഥാപിക്കും. മേജര്‍ രവി, ചെമ്മനം ചാക്കോ, ആര്‍ട്ടിസ്റ്റ് വാരിയര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 24 ന് വൈകിട്ട് 5 ന് ആറന്മുള കൊടിക്കൂറ പ്രദര്‍ശനശാലയ്ക്ക് മുന്നില്‍ ഉയര്‍ത്തും. ആറന്മുളയുടെ നാമ പ്രതീകമായി ആറ് മുളകള്‍ സ്ഥാപിച്ച് ചിത്രകാരന്മാര് നിറകൂട്ടുകൊണ്ട് സ്വാഗത കമാനമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: