മാവേലിക്കര: നാടിനെ നടുക്കിയ മൃഗീയ കൊലപാതകത്തില്‍ പങ്കളികളായ എസ്ഡിപിഐ നേതാക്കന്മാര് ജയിലഴിക്കുള്ളിലായതോടെ പരാജയപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍. ആര്‍എസ്എസ് വള്ളികുന്നം മണ്ഡല് ശരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ചെങ്കിലാത്ത് വീട്ടില്‍ വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളില്‍ അഞ്ചുപേരാണ് ശിക്ഷിക്കപ്പെട്ടത്. എസ്ഡിപിഐ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് വള്ളികുന്നം കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദ്ദീന് (34), പോപ്പുലര്‍ ഫ്രണ്ട് കായംകുളം മണ്ഡലം പ്രസിഡന്റ് വള്ളികുന്നം താളിരാടി പാലത്തിന്റെ കിഴക്കേവീട്ടില്‍ നൗഷാദ് (കൊച്ചുമോന്-36), എസ്ഡിപിഐ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വള്ളികുന്നം താളിരാടി ദാറുല്‍ ഇഹ്ത്താല്‍ വീട്ടില്‍ നിസാം (നിസാമുദ്ദീന്‍-34), എസ്ഡിപിഐ പ്രവര്‍ത്തകരായ കൊല്ലം പാവുമ്പ തഴവ നൂര്‍മഹല്‍ വീട്ടില്‍ നജീബ് (36), കൊല്ലം പാവുമ്പ തഴവ പുത്തന്‍പുരയില്‍ ഷാമര്‍ (30) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ചത്.
കൊലപാതകം നടന്ന ശേഷം പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് ഭരണനേതൃത്വത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും ഉണ്ടായത്. അതിനാല്‍ കേസിലെ പ്രതികളില്‍ പലരെയും മാസങ്ങള്‍ക്ക് ശേഷമാണ് പിടികൂടാന്‍ സാധിച്ചത്. ഒന്നാം പ്രതി നജീബ്, രണ്ടാം പ്രതി ഷാമര്‍, നാലാം പ്രതി നിസാം എന്നിവര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്.
പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും നിരവധിശ്രമങ്ങള്‍ നടന്നു. വിനോദിന്റെ ശവസംസ്കാര ചടങ്ങ് നടന്ന ദിവസം വിലാപയാത്രയില്‍ പങ്കെടുത്ത ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പോലിസിന്റെ മര്‍ദ്ദനത്തില്‍ ഓടി രക്ഷപ്പെട്ടവരെ പള്ളിപ്പരിസരത്ത് പതിയിരുന്ന എന്‍ഡിഎഫുകാര്‍ അക്രമിച്ചു. എഫ്ഐആറിന്റെ ഒരുഭാഗം വള്ളികുന്നം പോലിസ് സ്റ്റേഷനില്‍ നിന്നും കീറിമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാരണത്താല്‍ സ്റ്റേഷനിലെ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കേണ്ടതായും വന്നു. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്.
കേസന്വേഷണത്തിലും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് മാവേലിക്കര സിഐമാരായ നസീം, ഷാജിസുഗുണന്, ചെങ്ങന്നുര്‍ ഡിവൈഎസ്പി: ബി.രവീന്ദ്രപ്രസാദ് എന്നിവരായിരുന്നു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: സി.എം. പത്രോസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിനോദിന്റെ കുടുംബത്തോട് നീതി പുലര്‍ത്താന്‍ ഭരണ വര്‍ഗം തയ്യാറായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാല്‍ നീതി നിഷേധമാണ് കുടുംബത്തിന് അനുഭവിക്കേണ്ടിവന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: