കൊച്ചി: ആറന്മുള വിമാനത്താവളമെന്നത് അടഞ്ഞ അധ്യായമാണെന്നും, നാടിന്റെ പൈതൃക സമ്പത്തുകള്‍ നശിപ്പിക്കുന്ന തല്‍പ്പര കക്ഷികളുടെ പ്രവര്‍ത്തനത്തിനെതിരെയുള്ള പ്രവര്‍ത്തനവുമായി ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് മുന്നോട്ട് പോകുമെന്നും ട്രസ്റ്റ് ചെയര്മാന് കുമ്മനം രാജശേഖരന് അറിയിച്ചു.
വിമാനത്താവളത്തിന് ട്രസ്റ്റ് എതിരല്ല. ആറന്മുള പൈതൃക ഗ്രാമം സംരക്ഷിക്കണം. ഏത് വികസന പ്രവര്‍ത്തനം നടത്തുമ്പോഴും പരിസ്ഥിതി പഠനം ആവശ്യമാണ്. പരിസ്ഥിതി പഠനം നടത്താതെ നാടിന്റെ പൈതൃക സമ്പത്ത് നശിപ്പിച്ച് വിമാനത്താവളം നിര്‍മ്മിക്കാനുള്ള ശ്രമമാണ് ജനകീയ സമരത്തിലൂടെ തകര്‍ത്തത്. ഇത് ആറന്മുളയില് മാത്രം ഒതുങ്ങി നില്‍ക്കേണ്ട പ്രവര്‍ത്തനമല്ല. പ്രവര്‍ത്തനം കേരളം മുഴുവന്‍ വ്യാപിപ്പിക്കണം. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ മൂന്ന് ദിവസം ആറന്മുളയില് സംഘടിപ്പിച്ച പ്രകൃതി ചിത്രകലാക്യാമ്പില്‍ പ്രശസ്തര്‍ വരച്ച ചിത്രങ്ങള്‍ സംസ്ഥാനത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കും.
കൃഷി വീണ്ടെടുക്കുക, നഷ്ടസൗഭാഗ്യങ്ങള്‍ തിരിച്ച് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ആദ്യ ചിത്രപ്രദര്‍ശനം 25 ന് 11 മണിക്ക് കൊച്ചി ടിഡിഎം ഹാളില്‍ ശില്്പി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫ്രൊഫ. എം.കെ. സാനു അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ വനം പാരസ്ഥിതി മന്ത്രി ബിനോയ് വിശ്വം, കവി എസ്. രമേശന് നായര്‍, ആര്‍ട്ടിസ്റ്റ് കലാധരന്‍, കുമ്മനം രാജശേഖരന്, രാമചന്ദ്രന്, ആര്‍ട്ടിസ്റ്റ് ആര്. പാര്‍ത്ഥസാരഥി വര്‍മ്മ എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ പി. രാമചന്ദ്രന്, ആര്.എസ്. നായര്‍, ആര്‍ട്ടിസ്റ്റ് കലാധരന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: