ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സിബിഐ ചോദ്യം ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പു നടന്ന ചോദ്യം ചെയ്യല്‍ വിവരം പുറത്തുവന്നപ്പോള്‍ മന്‍മോഹന്‍സിങിനെ പ്രതിരോധിച്ച് പ്രസ്താവനയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമങ്ങളൊന്നും നടത്താതിരുന്നതു ശ്രദ്ധേയമായി.
സിബിഐ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായെന്നും മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായും ബിജെപി പ്രതികരിച്ചു.
കല്‍ക്കരി അഴിമതിക്കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി നവംബര്‍ 24ന് സിബിഐക്ക് നല്കിയ നിര്‍ദ്ദേശ പ്രകാരമാണ് ഡോ.മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്തത്. ദല്‍ഹിയിലെ വസതിയിലെത്തി നടന്ന ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ജനുവരി 27ന് സിബിഐ അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കല്‍ക്കരി അഴിമതി നടത്തിയ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരും മുന്‍ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണം നിയന്ത്രണവിധേയമാക്കിയിരുന്നതായി ബിജെപി വക്താവ് ജിവിഎല്‍ നരസിംഹം പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടാണ് മുന്‍സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി സിബിഐക്കു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കല്‍ക്കരിക്കേസിലെ അന്വേഷണം പൂര്‍ണ്ണമായും സുപ്രീംകോടതിയുടേയും സിബിഐയുടേയും മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്.
അന്വേഷണത്തില്‍ നിന്നും കയ്യകലം പാലിച്ചാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിബിഐയെ ഉപയോഗിച്ച മുന്‍ സര്‍ക്കാരിന്റെ രീതികള്‍ ബിജെപി പിന്തുടരുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെന്നും നരസിംഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്തതിനെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും ഉത്തരവാദബോധമുള്ള പൗരനെന്ന നിലയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് മന്‍മോഹന്‍സിങ് ചെയ്തതെന്നും സിങ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: