ആലപ്പുഴ: സോളാര്‍ സമരത്തെയും പുന്നപ്ര-വയലാര്‍ സമരത്തെയും തുല്യപ്പെടുത്തിയ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കോട്ടയം പ്രസംഗം പല രീതിയിലും ശരിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒത്തുതീര്‍പ്പാകാതെ അവസാനിച്ചു എന്നതില്‍ മാത്രമല്ല തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും കബളിപ്പിച്ചതിലും ഇരുസമരങ്ങള്ക്കും സാദൃശ്യമുണ്ട്.
സര്‍ക്കാരിനെ താഴെ വീഴ്ത്തിയിട്ട് മാത്രമേ സമരം അവസാനിക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് സഖാക്കളെയും തൊഴിലാളികളെയും സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ച് നേരം ഇരുട്ടി വെളുത്തപ്പോള്‍ സമരം അവസാനിച്ചതായി പ്രഖ്യാപിച്ച് നേതൃത്വം വഞ്ചിച്ച സമരം എന്ന നിലയില്‍ കുപ്രസിദ്ധി നേടിയതായിരുന്നു ‘സോളാര്‍ സമരം’. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് ജനത്തെ കബളിപ്പിക്കുന്ന അഡ്ജസ്റ്റ്മെന്റ് സമരമാണ് നടത്തുന്നതെന്ന് സിപിഐക്ക് പരസ്യമായി പറയേണ്ടി വന്നു.
ഇതേ രീതിയില്‍ ആയിരക്കണക്കിന് തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് അയച്ചിട്ട് നേതൃത്വം സമുദായ പ്രവര്‍ത്തനം നടത്താന്‍ പോയതിന്റെ പുന്നപ്ര-വയലാര്‍ സമരത്തിലെ ചതി സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാര്‍’ എന്ന പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോര്‍ജ് എഴുതി പ്രഭാത് ബുക്ക് ഹൗസാണ് 1972ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
‘ഒരു ചെറിയ സംശയം’ എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയ ഭാഗത്താണ് ഇഎംഎസ് നടത്തിയ ചതി രേഖപ്പെടുത്തിയിട്ടുള്ളത്.
1946 ഒക്ടോബര്‍ 24നായിരുന്നു പുന്നപ്ര വെടിവയ്പ്. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറില്‍ വെടിവയ്പ് നടന്നത്. പുന്നപ്രയില്‍ വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന് 25ന് പാതിശേരിയില്‍ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ ഇഎംഎസ് പ്രസംഗിച്ചതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘യോഗക്ഷേമം’ വാരികയുടെ നവംബര്‍ ലക്കത്തില്‍ ഇഎംഎസിന്റെ ഉത്ബോധനം എന്ന തലവാചകത്തില്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി പുസ്തകത്തില്‍ പറയുന്നു.
‘സഭാ പ്രവര്‍ത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധമുണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് ഉദാഹരണ സഹിതം ഇഎംഎസ് തെളിയിച്ചു’ ഇതാണ് യോഗക്ഷേമത്തിലെ റിപ്പോര്‍ട്ടിലെ ആദ്യഭാഗം. പുന്നപ്ര വെടിവയ്പ് കഴിഞ്ഞ് ആ മണ്ണില്‍ ചോര കുതിര്‍ന്നു കിടക്കുമ്പോള്‍ അവിടെ മരിച്ചുവീണ സഖാക്കളുടെ മൃതശരീരങ്ങള്‍ വലിയചുടുകാട്ടില്‍ കാക്കയും പരുന്തും കൊത്തിവലിച്ചു കൊണ്ടിരുന്നപ്പോള്‍ സമുദായം നന്നാക്കാന്‍ നടന്ന വിപ്ലവകാരി എന്നാണ് കെ.സി. ജോര്‍ജ് പുസ്തകത്തില്‍ ഇഎംഎസിനെ വിശേഷിപ്പിക്കുന്നത്.
‘പുന്നപ്ര വയലാര്‍ സമരത്തില്‍ വ്യക്തികള്‍ വഹിച്ച പങ്കിനെപ്പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ട് ഈ സംഭവം കൂടി ഇവിടെ ചേര്‍ക്കണമെന്ന് തോന്നി. ഇഎംഎസ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന ഏക കേന്ദ്രകമ്മറ്റി മെമ്പറായിരുന്നുവെന്നും’ പുസ്തകത്തില്‍ കെ.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
പാവപ്പെട്ട തൊഴിലാളികളും മറ്റും പോലീസിനാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയന് നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിഞ്ഞതും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സിപിഐ ഔദ്യോഗികമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വഞ്ചനയുടെ ചരിത്രം സോളാര്‍ സമരത്തിലും ഭൂസമരത്തിലും മറ്റനേകം സമരത്തിലും പാര്‍ട്ടി തുടരുന്നുവെന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: