തൃശൂര്‍: ഷോപ്പിംഗ് മാളുകളിലും പാര്‍ക്കുകളിലും തേക്കിന്‍കാട് മൈതാനത്തും ഓപ്പറേഷന് വിദ്യാലയയുടെ ഭാഗമായി പോലീസ് അരിച്ചു പെറുക്കാന്‍ തുടങ്ങിയതോടെ ഇവിടങ്ങളില്‍ തമ്പടിച്ചിരുന്ന ഫ്രീക്കന്മാര് പുതിയ താവളങ്ങള്‍ തേടാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നടത്തിയ പരിശോധനകളില്‍ മാളുകളില്‍നിന്നും മറ്റും നിരവധി വിദ്യാര്‍ഥികളെയാണ് പിടികൂടിയത്.
ക്ലാസ് കട്ടു ചെയ്ത് ഇവിടങ്ങളില്‍ കറങ്ങി നടക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സുരക്ഷിത താവളംതേടി വിദ്യാര്‍ഥികള്‍ പുതിയ സ്ഥലങ്ങള്‍ അന്വേഷിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ഇവരുടെ പുതിയ യാത്രയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ടിക്കറ്റെടുത്ത് അകത്തു കടക്കാവുന്ന ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോലീസ് രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ലാസ് കട്ടുചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് പോലീസിന് വിവരംതരാന് പല സ്കൂളുകളിലെയും പ്രിന്സിപ്പല്മാര്ക്കുപോലും ഭയമാണെന്നാണ് പോലീസിന്റെ അന്വേഷണങ്ങളില്‍നിന്ന് ബോധ്യപ്പെട്ട വിവരം. പോലീസില്‍ വിവരംനല്‍കിയാല്‍ വിദ്യാര്‍ഥികള്‍ തങ്ങളെ ഉപദ്രവിക്കുമെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ പേടിക്കുന്നത്.
പല സ്കൂളുകളിലെയും വനിത പ്രിന്‍സിപ്പല്‍മാര്‍ ഇക്കാരണത്താല്‍ ക്ലാസ് കട്ടുചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ മടിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പറഞ്ഞു.അതേസമയം പോലീസിന്റെ പരിശോധന വ്യാപകമായതോടെ പൊതുജനങ്ങള്‍ പലയിടത്തുനിന്നും ഇത്തരം വിദ്യാര്‍ഥികളെ കണ്ടാലുടന്‍ പോലീസിനെ വിളിച്ച് വിവരമറിയിക്കുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: