കുന്നത്തൂര്‍: കൊല്ലം, തേനി ദേശീയപാതക്കായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത കടപുഴ, ചെങ്ങന്നൂര്‍ റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കുന്നത്തൂര്‍ താലൂക്കിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ കൊല്ലകടവുവരെയുള്ള റോഡിന്റെ വീതികൂട്ടലാണ് ആരംഭിച്ചിരിക്കുന്നത്. 29 കോടിരൂപയ്ക്ക് ആറുമാസം മുമ്പാണ് ദേശീപാതഅതോറിറ്റി റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പേ കൊല്ലം, തേനി ദേശീയപാതക്കായി പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും പാത കടന്നുപോകേണ്ട സ്ഥലങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കം നിമിത്തം ഇവ വൈകുകയായിരുന്നു.
ഒടുവില്‍ കൊല്ലം, അഞ്ചാലുംമൂട്, ഭരണിക്കാവ് വഴി പാതയുടെ അലൈന്മെന്റ് നിശ്ചയിക്കുകയായിരുന്നു. ആദ്യഘട്ടമെന്നുള്ള നിലയില്‍ കടപുഴ മുതല്‍ കൊല്ലകടവുവരെയുള്ള 60 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
നിലവില്‍ അഞ്ചുമീറ്ററില്‍ താഴെ വീതിയുള്ള റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു തുടങ്ങി.
അതിനുശേഷം പാതയുടെ വീതി വര്‍ദ്ധിപ്പിച്ച് നിലവിലെ ടാറിങ്ങിന് മുകളിലൂടെ ബിഎംബിസി സാങ്കേതികവിദ്യ ഉപയോഗിച്ച് കടപുഴ മുതല്‍ കൊല്ലക്കടവ് വരെ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ദേശീയപാത അതോറിറ്റി കുണ്ടറ, ചെങ്ങന്നൂര്‍ പാത ഏറ്റെടുത്തതോടുകൂടി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അറ്റകുറ്റപ്പണികളില്‍ നിന്നു പിന്മാറിയിരുന്നു.
കരാര്‍ നല്കി ആറുമാസത്തോളം കഴിഞ്ഞിട്ടും തകര്‍ന്ന് കിടക്കുന്ന പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. റോഡിലേക്കുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലും സ്ഥലമേറ്റെടുക്കല്‍ നടപടികളും പിന്നീട് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: