153. ലംബോധരസമാരാധ്യാ: ലംബോദരനായ ഗണേശനാല്‍ ആരാധിക്കപ്പെടുന്നവള്‍. അമ്മയായ ദേവിയെ ഗണേശന് ആരാധിക്കുന്നതു സ്വാഭാവികം.
154. ലക്ഷ്യാ: ലക്ഷ്യമാക്കത്തക്കവള്. സ്തോത്രം, മന്ത്രം, ധ്യാനം, മനനം തുടങ്ങിയ ആരാധനകള്‍ക്കു ലക്ഷ്യമായവള്. ആരാധനയ്ക്ക് ലക്ഷ്യമായി ഒരു ദേവനോ ദേവിയോ ചൈതന്യമോ വേണം.
ലക്ഷ്യമായ ദേവശക്തി ആരാധകന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിവും കാരുണ്യവും ഉള്ളതാകണം. ആ കഴിവും കാരുണ്യവുമില്ലാത്ത ശക്തികളെ ആരാധിക്കുന്നതു പാഴ്വേലയാണ്. സര്വശക്തിമയിയും കരുണാമൂര്‍ത്തിയുമായ മൂകാംബികാദേവി ആര്‍ക്കും ആരാധനാ ലക്ഷ്യമാകാന്‍ യോഗ്യതയുള്ളവളാണ്.
155. ലക്ഷണയര്ജിതാ: ലക്ഷണങ്ങളില്ലാത്തവള്. ലക്ഷണത്തിന് അടയാളം, രൂപവിശേഷം, ഭംഗി, ഛായ, ഗുണം, ഇനം, തരം, പേര്, പദവി, ഗുണം, പ്രഭാവം എന്നിങ്ങനെ പല അര്‍ത്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം അടയാളം എന്ന നിര്‍വചനത്തില്‍ ഒതുങ്ങും. നാമരൂപങ്ങളും വികാരങ്ങളുമില്ലാത്ത പരബ്രഹ്മമോ പരാശക്തിയോ ആണ് ദേവി. ഏതു രൂപവും ഏതുവസ്തുവും ഏതുശബ്ദവും ഏതു പ്രതിഭാസവും മൂകാംബികയാണ്. പക്ഷേ മൂകാംബിക അവയെല്ലാം ഉള്‍പ്പെടുന്ന വിശ്വരൂപയാണ്. ഏതെങ്കിലും രൂപത്തില്‍ സങ്കല്പിച്ചാല് ആ രൂപത്തെ ലക്ഷണമെന്നു പറയാമെങ്കിലും അതു ദേവിയുടെ അല്പമായ അംശത്തെയേ കുറിക്കൂ. ലക്ഷണങ്ങളില്‍ ഒതുങ്ങാത്തവളാണു ദേവി. 123-ാം നാമമായ ‘ഇദുഗിത്യവിനിര്ദേശ്യാ’ എന്നതിന്റെ വ്യാഖ്യാനം ഒരിക്കല്‍കൂടി വായിക്കുക.
156. ഹ്രീംകാരസാഗരാന്തസ്ഥശക്തി സമ്പുടമൗക്തികാ: ഹ്രീംകാരമാകുന്ന സമുദ്രത്തിന്റെ ഉള്ളിലുള്ള മുത്തുച്ചിപ്പികളുടെ ഇതളുകള്‍ക്കിടയിലുള്ള മുത്തായവള്. സമുദ്രത്തിന്റെ ചൈതന്യസാരമാണ് മുത്ത് എന്നൊരു സങ്കല്പമുണ്ട്. ആ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ നാമം. മുത്തുച്ചിപ്പി ദീര്‍ഘമായ തപസ്സുകൊണ്ട് സമുദ്രസാരത്തെ അതിന്റെ രണ്ടിതളുകള്ക്കുള്ളില് സംഗ്രഹിക്കുന്നു. ഹ്രീംകാരത്തെ സമുദ്രമായി സങ്കല്പിച്ചാല് അതിന്റെ സാരം പരാശക്തിയായ മൂകാംബിക എന്ന മുത്താണ്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: