ആറന്മുള: ആത്മീയ ഗുരു ശ്രീഎമ്മിന്റെ നേതൃത്വത്തില്‍ മാനവ് ഏകതാ മിഷന് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന പ്രത്യാശ പദയാത്രയ്ക്ക് 31 ന് രാവിലെ 11 ന് ആറന്മുളയില് സ്വീകരണം നല്‍കും. രാജ്യത്തിന്റെ ഭദ്രത, ഐക്യം സമാധാനവും എന്ന മുദ്രാവാക്യം ഉയര്‍ത്തി 11 സംസ്ഥാനങ്ങളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. ഭാരതത്തിലെ ആത്മീയ പ്രഭാവത്തിന്റെ മഹത്തരമായ സന്ദേശം കാല്‍നടയായി ഗ്രാമങ്ങളില്‍ എത്തി പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
ഭാരതത്തിലെ തപസ്വികളുടെ വിസ്മയകരമായ അറിവുകള്‍ പുതിയ തലമുറയ്ക്ക് ശ്രീഎമ്മിലൂടെ അറിയുവാന്‍ കഴിയുന്നു എന്നതാണ് പദയാത്രയുടെ വിജയമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ആറന്മുളയിലെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ശ്രീഎമ്മിനെയും സംഘാംഗങ്ങളെയും ആറന്മുളയിലേക്കു സ്വീകരിക്കും. ആറാട്ടുപുഴ, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളില്‍ പ്രത്യേക സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ 31 ന് വൈകിട്ട് നടക്കുന്ന സത്സംഗത്തിന് ശ്രീഎം നേതൃത്വം നല്‍കും.
പി. പി. ചന്ദ്രശേഖരന് നായര്‍, ശശിധരന് നായര്‍, ആര്. മധു ഉഷസ്സ് എന്നിവര്‍ രക്ഷാധികാരികളായും ഹരികൃഷ്ണന് തിരുമേനി പ്രസിഡന്റായും, പി. ആര്. ഷാജി ജനറല്‍ കണ്‍വീനറായും, ടി. രഘുനാഥ് കണ്‍വീനറായും 101 അംഗ സ്വാഗതസംഘമാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: