എടത്വ: പാണ്ടങ്കരി പാലപ്പറമ്പ് കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിവന്ന നിരാഹാര സമരത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സമരം അവസാനിപ്പിക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കി റോഡ് ഉപരോധം നടത്തിയത്. ഉപരോധ സമരം ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുടിവെള്ളം പോലും നിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചായത്ത് ഭരണം മനുഷ്യത്വരഹിതമാണെന്നും ഇത് സിപിമ്മിന്റെ സര്‍വനാശത്തിലേ കലാശിക്കൂവെന്നും കുടിവെള്ളം കിട്ടാതെ ഈ സമരം അവസാനിപ്പിക്കുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാവിലെ 11ന് തുടങ്ങിയ റോഡുപരോധസമരം രണ്ടര മണിക്കൂര്‍ നീണ്ടു. സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറോളം ആളുകള്‍ ഉപരോധത്തില്‍ പങ്കാളികളായി. മാന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അധികാരികള്‍ ഉപരോധ സ്ഥലത്ത് എത്തി ഉറപ്പു നല്‍കാതെ സമരം പിന്‍വലിക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചതോടെ മാന്നാര്‍ സിഐയും എടത്വ എസ്ഐയും കളക്ടറുമായി ബന്ധപ്പെട്ട് കുട്ടനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. കോളനിയില്‍ ടാപ്പുള്ള ടാങ്ക് സ്ഥാപിച്ച് വെള്ളം എത്തിക്കാമെന്ന ഉറപ്പിന്മേല് ഉപരോധ സമരം പിന്‍വലിക്കുകയായിരുന്നു.
കോളനിയില്‍ പൈപ്പ് ലൈന്‍ സ് ഥാപിച്ച് വെള്ളം എത്തിക്കാതെ നിരാഹാര സമരം പിന്‍വലിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. വിജയകുമാര്‍ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ജില്ലാ കമ്മറ്റിയംഗം മണിക്കുട്ടന് ചേലേകാട്, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. ബിജു, താലൂക്ക് കാര്യവാഹ് എം.എസ്. മധുസൂദനന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ട്രഷറര്‍ വി.ജി. വര്‍ഗീസ്, എടത്വ പഞ്ചായത്ത് പ്രസിഡന്റ് ജി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി വി.ആര്. സിനുകുമാര്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് പി.ആര്. സന്തോഷ്, വി.യു. വിനേഷ്, താലൂക്ക് സേവാ പ്രമുഖ് പി.ആര്. സതീഷ്, പി.എന്‍. രാജുക്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: