ആലക്കോട്: രണ്ടു ദിവസം നീണ്ടു നില്ക്കുന്ന അരങ്ങം ഹിന്ദുമേളക്ക് തുടക്കമായി. ഇന്നലെ നടന്ന കുടുംബസംഗമം അരങ്ങം ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സി.മോഹനന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി കെ.കെ.ജയാനന്ദന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് തൃശൂര്‍ ജില്ലാ പ്രചാരക് കെ.പി.രവീന്ദ്രന് പ്രഭാഷണം നടത്തി. ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ ഓരോ ഹിന്ദുവും തയ്യാറാകണമെന്നും ഇതിനായി പകുതി വിശ്വാസവും പകുതി സംശയവും എന്ന നിലപാട് മാറ്റി പൂര്‍ണ സമര്‍പ്പണമായ ഭക്തിയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് ഭക്തര്‍ ഭാരതത്തിലുണ്ടെങ്കിലും അവര്‍ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവാത്തതു കൊണ്ടാണ് വിരലിലെണ്ണാവുന്ന മതതീവ്രവാദികള്‍ മുന്‍കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടത്താന്‍ കാരണമായതെന്നും ഇത് ഇനി അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ഒരു ലക്ഷം രൂപക്ക് സ്വന്തം മാതാവിനെ കൊല്ലാന്‍ പോലും തയ്യാറാവുന്ന മക്കള്‍ ഉണ്ടാകുന്ന നാടാണ് കേരളം. ധാര്‍മ്മികമായ വിദ്യാഭ്യാസം ഇല്ലാതായതാണ് ഇതിന് കാരണം.
ആത്മാഭിമാനമുള്ള വിദ്യാഭ്യാസ സംസ്കാരം നല്കാന് നാം തയ്യാറാകണം. പഞ്ചമഹായജ്ഞങ്ങള്‍ നടത്താന്‍ ഹിന്ദു സമൂഹം തയ്യാറാകണമെന്നും ഇതിലൂടെ ഹിന്ദു സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എം.ജി.രാമകൃഷ്ണന്, ഒ.കെ.ബാലൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ മുതല്‍ കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യജുര്‍വേദ യജ്ഞം, പ്രണവാഷ്ടോത്തര ശത നാമാര്‍ച്ചന, ആചാര്യ എം.ആര്.രാജേഷിന് സ്വീകരണം, തുടര്‍ന്ന് പ്രഭാഷണം എന്നിവ നടക്കും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന മാതൃസംഗമത്തില്‍ സ്വാമി ബോധചൈതന്യ ഭാരതീയ സ്ത്രീ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ജഗദമ്മ ടീച്ചര്‍ അധ്യക്ഷത വഹിക്കും. കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍ സംസാരിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സദസ്സ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. എം.ജി.രാമകൃഷ്ണന് നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: