തിരുവനന്തപുരം: സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് ഭരണത്തില്‍നിന്ന് തൂത്തെറിയപ്പെടുമ്പോള്‍ കേരളത്തിലും അതാവര്ത്തിക്കുമോയെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിക്ക് ആശങ്ക. ഇന്നലെ ചേര്‍ന്ന കെപിസിസി യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഭയം തുറന്നു പ്രകടിപ്പിച്ചത്. കേരളത്തില്‍ ബിജെപി വളരുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യോഗത്തില്‍ തുറന്നു സമ്മതിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും പിടിച്ച് നില്ക്കാന് കോണ്‍ഗ്രസിന് കേരളത്തെ അശ്രയിക്കണം. എന്നാല്‍ അത് സാധ്യമാകുമോ എന്നാണ് ആന്റണി ആശങ്ക പ്രകടിപ്പിച്ചത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടി ദേശീയതലത്തില്‍ പാര്‍ട്ടിക്ക് ഉണര്‍വു നല്‍കണം. ദേശീയതലത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. 1977ലെ സ്ഥിതിയല്ല ഇന്ന്. ബിജെപി ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. കേന്ദ്രത്തില്‍ ഭരണമുള്ളതുകൊണ്ട് ആദ്യ ഒരുവര്‍ഷം ബിജെപിക്കു പല നേട്ടങ്ങളും ഉണ്ടാക്കാനാകും.
ജനമനസ് വശത്താക്കിയാണ് നാം മുന്നേറേണ്ടത്. പുതിയ തലമുറയുടെ ആശയങ്ങള്‍കൂടി കണക്കിലെടുത്ത് ജനപക്ഷത്തുനില്ക്കുന്ന തരത്തിലുള്ള ഭേദഗതി കോണ്‍ഗ്രസിലുണ്ടാകുമെന്നും ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.
മദ്യനയത്തിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെ നാശത്തിലേക്കു നയിച്ചേനെയെന്ന് ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്ഗ്രസിലുണ്ടായിരുന്നതു സ്ഫോടനാത്മകമായ അവസ്ഥയായിരുന്നു. അഭിപ്രായഭിന്നതകള്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിവിശേഷത്തില്വരെ കാര്യങ്ങളെത്തിച്ചു. പാര്ട്ടിയേയൂം സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുമെന്ന സ്ഥിതിപോലും ഉണ്ടായി. നമ്മുടെ നിഷ്ക്രിയത്വവും അഭിപ്രായഭിന്നതയും എതിരാളികള്‍ക്ക് അവസരമാകരുത്. അതുകൊണ്ട് എല്ലാവരും രഞ്ജിപ്പിന്റെ പാതയില്‍ വരണമെന്നും ആന്റണി ആവശ്യപ്പെട്ടു. മദ്യനയത്തില്‍ ഇനി വിവാദങ്ങളുണ്ടാകരുതെന്നും ആന്റണി നിര്‍ദ്ദേശിച്ചു.
മദ്യനയത്തില്‍ വി.എം. സുധീരന്റേത് ആശയാധിഷ്ഠിത നിലപാടെന്ന തോന്നല്‍ ഇപ്പോള്‍ തകര്‍ന്നടിഞ്ഞു. കെപിസിസി യോഗത്തിലും തുടര്‍ന്നും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. ഗ്രൂപ്പുകള്‍ എന്നതു വൈകാരികമായ ബന്ധമാണ്. എന്നാല്‍ അത് മതമാകരുത്. വൈകാരികബന്ധം മതമാകുമ്പോള്‍ അപകടമുണ്ടാകും. ആ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. ഗ്രൂപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് വ്യക്തിപരമായ ബന്ധങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്ന് ആന്റണി ഉപദേശിച്ചു.
താനും കെപിസിസി പ്രസിഡന്റും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാവിലെ മുതല്‍ തന്നെ ചില മാധ്യമങ്ങള്‍ താന്‍ നിര്‍വാഹക സമിതിയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. തന്റെ മണ്ഡലത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത രണ്ടു മരണങ്ങള് ഉള്ളതുകൊണ്ടാണ് പോകേണ്ടിവന്നതെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം കെപിസിസി – സര്‍ക്കാര്‍ ഏകോപനസമിതി സമഗ്രമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് വി.എം. സുധീരനും അറിയിച്ചു. ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ട്. ഇനി അത് ആവര്‍ത്തിക്കുന്നില്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: