തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടഞ്ഞുവച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലാണ് കണ്‍സ്യുമര്‍ഫെഡ് പൊതുവിതരണ കേന്ദ്രങ്ങളായ ത്രിവേണി സ്റ്റോര്‍, നന്മ സ്റ്റോര്‍ എന്നിവയിലെ താല്കാലിക ജീവനക്കാര്‍ മുഖ്യമന്ത്രിയെ തടഞ്ഞത്. നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ് മാറാനാകാതെ കുടുങ്ങി.
രാവിലെ കെപിസിസി യോഗത്തിനെത്തിയപ്പോഴാണ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ തടഞ്ഞത്. 175 നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ളനീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎന്‍ടിയുസിയുടെ പേരിലുള്ള പ്ലക്കാര്‍ഡുകളും കയ്യിലേന്തി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാരെത്തിയത്.
സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് വിതരണകേന്ദ്രങ്ങള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സഹകരണമന്ത്രിയുടെ നാടായ തൃശൂര്‍ ഉള്‍പ്പടെ നാല് ജില്ലകളിലായി എട്ട് ത്രിവേണി സ്റ്റോറുകളും രണ്ട് ഗോഡൗണുകളും പൂട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പൊതുവിതരണ മേഖലയിലെ സര്‍ക്കാര്‍ സഹായം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കണ്‍സ്യൂമര്‍ഫെഡ് വിതരണ കേന്ദ്രങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചത്. ഇതിലൂടെ സബ്സിഡി ലാഭിക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ രണ്ടായിരത്തോളം താല്‍ക്കാലിക ജീവനക്കാര്‍ സ്ഥാപനത്തില്‍നിന്ന് പുറത്താകും.
50,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ ഭരണകക്ഷി നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയാണ് താല്കാലികമായി ജോലി നേടിയതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നന്മ സ്റ്റോറുകളില്‍ സാധനങ്ങള്‍ എത്തിക്കാതെ നഷ്ടക്കണക്കുണ്ടാക്കി സ്ഥാപനങ്ങളാകെ അടച്ചുപൂട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. തങ്ങളില്‍ നിന്ന് പിരിച്ച പിഎഫ് തുകയും അടച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒടുവില്‍ തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന് നിര്‍ദ്ദേശം നല്കി. പ്രതിഷേധക്കാര്‍ കെപിസിസി ആസ്ഥാനത്ത് സമരം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കെപിസിസി നിര്‍വാഹക സമിതിയും പ്രശ്നം ചര്‍ച്ച ചെയ്തു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: