കൊച്ചി: ആഗോള പ്രവാസി മലയാളി സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ മൂന്നു പ്രമുഖ നിക്ഷേപ പദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ പ്രവാസികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ വികസന പദ്ധതികള്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ രണ്ടു ടൗണ്‍ഷിപ്പ് പ്രൊജക്ടുകള്‍, നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടിസ്ഥാനസൗകര്യ വികസന നിക്ഷേപ പദ്ധതികളായി അവതരിപ്പിച്ചത്. എന്നാല്‍ ഇതിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്.
ചര്‍ച്ച ആരോഗ്യവകുപ്പു മന്ത്രി വി. എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്തു വകുപ്പു മന്ത്രി വ്രി കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിച്ചു. 2025 ഓടെ 10,000 യുവസംരംഭങ്ങള്ക്കു പിന്തുണ നല്കാന് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ് വില്ലേജില്‍ 750 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണ് സഞ്ജയ് വിജയകുമാര്‍ നിക്ഷേപകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. 50 കോടി രൂപ മുഖ്യനിക്ഷേപം, യുവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏയ്ജല്‍ ഫണ്ടിങ്ങില്‍ 100 കോടി രൂപ നിക്ഷേപം അടിസ്ഥാന സൗകര്യ വികസനത്തിനായി 650 കോടിയുടെ നിക്ഷേപം എന്നിങ്ങനെ.
മെട്രോ റെയില്‍ കോര്പ്പറേഷന് കാക്കനാട് 20 കോടി ചെലവിട്ട് 18 ഏക്കറില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിനും മുട്ടത്തെ 230 കോടിയുടെ 215 ഏക്കര്‍ ടൗണ്ഷിപ്പിനുമാണ് ഏലിയാസ് ജോര്‍ജ്ജ് പ്രവാസികളില്‍ നിന്നും നിക്ഷേപങ്ങള്‍ ക്ഷണിച്ചത്. നിക്ഷേപകരുടെ സഹകരണത്തോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ റോഡ്, ജല ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിച്ച് കൊച്ചിയുടെ മുഖഛായ മാറ്റാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന ഏകദേശം 1900 കോടിരൂപയുടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയില്‍ 16 ശതമാനം സ്വകാര്യ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആരോഗ്യ വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് സെക്രട്ടറി ഡോ. കെ. ഇളങ്കോവന് സംസാരിച്ചു. എറണാകുളത്തെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാന്‍സര്‍ രോഗികളുടെ സൗജന്യ ചികിത്സയ്ക്കുള്ള സുകൃതം പദ്ധതി, സൗജന്യ രോഗനിര്ണയപദ്ധതി തുടങ്ങിയവയും ചര്‍ച്ചയില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: