ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ലോകപ്രശസ്ത വഴിപാടായ പാല്‍പ്പായസം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിളമ്പും. ഫെബ്രുവരി 20 മുതല്‍ 23 വരെ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
സാധാരണ ഹോട്ടലുകളിലും മറ്റു സമ്മേളനങ്ങളിലും അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പ്രത്യേക രുചിക്കൂട്ടില്‍ അവര്‍ തന്നെ പായസം ഉണ്ടാക്കി നല്‍കുകയാണ് പതിവ്. എന്നാല്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെ വഴിപാട് പായസം തന്നെയാണ് നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്. അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ നാട്ടില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധി സഖാക്കള്‍ക്ക് ഭഗവദ് പ്രസാദവും കഴിക്കാമെന്ന ഭാഗ്യമാണുള്ളത്.
ക്ഷേത്രവിശ്വാസങ്ങളെയും ക്ഷേത്രാചാരങ്ങളെയും അന്ധവിശ്വാസങ്ങളെന്ന് പറഞ്ഞ് അവഹേളിക്കുകയും അണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സിപിഎം, ക്ഷേത്രത്തിലെ വഴിപാട് പ്രസാദം സമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത് ചര്‍ച്ചയായിക്കഴിഞ്ഞു. സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്യാനായി പാല്‍പ്പായസത്തിന് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ബുക്ക് ചെയ്യുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. സുധാകരന് എംഎല്‍എ അറിയിച്ചു.
നേരത്തെ ജി. സുധാകരന് സഹകരണ-ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ അമ്പലപ്പുഴ പാല്‍പ്പായസം കണ്‍സ്യൂമര്‍ ഫെഡിന്റെ അമ്പലപ്പുഴയിലെ ത്രിവേണി ഷോറൂമിലൂടെ വിറ്റത് വന്‍ വിവാദമായിരുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ പാല്‍പ്പായസം കൂടിയ വിലയ്ക്ക് ത്രിവേണിയിലൂടെ വില്‍ക്കുകയായിരുന്നു. ജന്മഭൂമിയില് ഇത് വാര്‍ത്തയാവുകയും ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഭഗവദ് പ്രസാദമായ അമ്പലപ്പുഴ പാല്‍പ്പായസത്തെ കേവലം വില്‍പ്പന ചരക്കാക്കുന്നതില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: