തേജസ്
ഭാരം 12 ടണ്‍.
നീളം 13.2 മീറ്റര്‍
ഉയരം 4.4 മീറ്റര്‍
ചിറക് വീതി 8.2 മീറ്റര്‍
വേഗത മണിക്കൂറില്‍ 1350 കിമി
കര്മ്മപരിധി 400 കിമി
ബെംഗളൂരു: ഭാരതം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച്, നിര്‍മ്മിച്ച ലഘുയുദ്ധ വിമാനം തേജസ് സൈന്യത്തിന് കൈമാറി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കരസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അനൂപ് രാഹയും ചേര്‍ന്ന് വിമാനം ഏറ്റുവാങ്ങി. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനം സൈന്യത്തിന് സ്വന്തമായത്.
ഇത് വികസിപ്പിച്ച്, പരീക്ഷണങ്ങളെല്ലം പൂര്‍ത്തിയാക്കി സൈന്യത്തിന് കൈമാറാന്‍ എടുത്തത് 32 വര്‍ഷമാണ്. വിമാനത്തിന്റെ ആദ്യ മോഡലിന്റെ അവസാനത്തെ പരീക്ഷണം 2014 ഒക്ടോബര്‍ ഒന്നിനാണ് നടന്നത്. ഇൗ വിമാനത്തില്‍ ഇപ്പോള്‍ അത്യാധുനിക ഇലക്ട്രോണിക് യുദ്ധസംവിധാനം ഇല്ല. ഇനി അത് ഘടിപ്പിക്കണം. തേജസ് വികസിപ്പിക്കാന്‍ ഇതുവരെ 17000 കോടി രൂപയാണ് ചെലവായിട്ടുള്ളത്. (ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാനും ദീര്‍ഘദൂര മിസൈലുകള്‍ വഹിക്കാനും കഴിയുന്നതാണ് തേജസിന്റെ, ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന പുതിയ മോഡല്‍.) നാവിക സേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി പ്രത്യേകം തേജസ് വിമാനങ്ങളാണ് ഉള്ളത്.
റഷ്യന്‍ നിര്‍മ്മിത മിഗ് വിമാനങ്ങള്‍ക്കു പകരമാണ് നാം തേജസ് നിര്‍മ്മിച്ചത്. പത്തു മിഗ് സ്ക്വാഡ്രനുകളാണ് ( 200 വിമാനങ്ങള്‍) നമുക്കുള്ളത്. ആയിരത്തിലേറെ പരീക്ഷണ പറക്കലുകളാണ് തേജസ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ലേ പോലുള്ള ഏറ്റവും ഉയരം കൂടിയ സ്ഥലത്തും ഇത് വിജയകരമായി പറത്തി. തേജസിന്റെ പുതിയ മോഡലുകളും വികസിപ്പിക്കുന്നുണ്ട്. അതു കൂടി കഴിയുമ്പോള്‍ മൊത്തം പദ്ധതിച്ചെലവ് 55,000 കോടി രൂപയാകുമെന്നാണ് കണക്ക്.
സൈന്യത്തില്‍ ചേര്‍ത്ത മോഡല്‍ യുദ്ധവിമാനത്തിന്റെ വില 160 കോടി രൂപയാണ്. 120 കോടിയാണ് പ്രതീക്ഷിച്ച ചെലവ്. വൈകിയതിനാലാണ് ചെലവ് കൂടിയത്. 2018 നുള്ളില്‍ 20 തേജസ് വിമാനങ്ങള്‍ ചേര്‍ത്ത് വ്യോമസേന ഒരു സ്ക്വാഡ്രന്‍ രൂപീകരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 120 എല്സിഎയാണ്( ആറു സ്ക്വാഡ്രനുകള്‍) വ്യോമസേന സ്വന്തമാക്കുക. 2016ല്‍ ആദ്യ സ്ക്വാഡ്രന്‍ തമിഴ്നാട്ടിലെ സുളൂരിലാകും രൂപീകരിക്കുക. നാവികസേനയ്ക്ക് വേണ്ടത് 50 വിമാനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: