കോട്ടയം: ജനസമ്മതി നഷ്ടപ്പെട്ട സിപിഎം സ്വാധീനമുറപ്പിക്കാന്‍ പുതുവഴികള്‍ തേടുന്നു. സിപിഎമ്മിന്റെ സ്വാധീനമുറപ്പിക്കാന്‍ ഹൈന്ദവ ആഘോഷങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് ജില്ലാ സമ്മേളനങ്ങളില്‍ സജീവചര്‍ച്ചയാണ് നടക്കുന്നത്.
ഹൈന്ദവ ആഘോഷങ്ങള്‍ ഏറ്റെടുക്കുന്നതോടൊപ്പം ആര്‍എസ്എസിനെയും പരിവാര്‍ സംഘടനകളെയും നേരിടണമെന്നും അതിലൂടെ ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസ്യത ആര്ജ്ജിക്കാമെന്നുമുള്ള ഇരട്ട തന്ത്രമാണ് പയറ്റുന്നത്്. ആര്‍എസ്എസിനും ബിജെപിയടക്കമുള്ള പരിവാര്‍സംഘടനകള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ജനസമ്മതിയെ മറികടക്കാനാണ് സിപിഎം ഹൈന്ദവആഘോഷങ്ങളെ ദത്തെടുക്കുന്നത്. ശ്രീകൃഷ്ണജയന്തിയടക്കമുള്ള പൊതുഉത്സവങ്ങളില് നിന്നും സിപിഎം പ്രവര്‍ത്തകര്‍ മാറിനില്‍ക്കേണ്ടതില്ലെന്നും നിര്‍ദ്ദേശമുണ്ട്.
ആര്‍എസ്എസ്സിന് സമൂഹമധ്യത്തില്‍ സ്വാധീനം വര്ദ്ധിച്ചുവരുന്നെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സമീപനം സിപിഎമ്മുകാര്‍ അനുവര്ത്തിക്കണമെന്നുമാണ് നേതാക്കളുടെ നിര്‍ദ്ദേശം. ദളിത് പിന്നോക്ക സമുദായങ്ങള്‍ക്കിടയിലും ആര്‍എസ്എസ്സിന്റെയും പരിവാര്‍ സംഘടനകളുടെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതില്‍ ഉള്ള ഉത്കണ്ഠയും നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
വിദ്യാരംഭം അടക്കമുള്ള കാര്യങ്ങള്‍ മുന്നിട്ടുനിന്ന് നടത്തണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിളക്ക്പൂജ അടക്കമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ച് സ്ത്രീസമൂഹത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേടുന്ന സ്വീകാര്യതയും സിപിഎം നേതൃത്വത്തെ ആശങ്കാകുലരാക്കുന്നുണ്ട്. ഇവയ്ക്കൊക്കെ ഭാവിയില്‍ നേതൃപരമായ ചുമതല പാര്‍ട്ടിഅനുഭാവികള്‍ വഹിക്കണമെന്നും അതിലൂടെ ആധ്യാത്മിക രംഗത്ത് സിപിഎം പുറംതിരിഞ്ഞ് നില്ക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശം.
സേവാഭാരതി അടക്കമുള്ള സംവിധാനങ്ങളിലൂടെ ആര്‍എസ്എസ് ചെയ്യുന്ന സേവന പ്രവര്‍ത്തന മാതൃകയില്‍ സഖാക്കള്‍ പ്രത്യേകിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം ഏറ്റെടുത്തു നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ക്ലബ്ബുകളുടെയും മറ്റും പേരില്‍ ആംബുലന്‍സ് സര്‍വ്വീസുകളും സൗജന്യ രോഗപരിശോധന, രക്തപരിശോധന, അവയവദാന സമ്മതപത്ര സമാഹരണം തുടങ്ങിയവ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തണം.
സംസ്ഥാന-ജില്ലാ സമ്മേളനങ്ങളില്‍ ആഡംബരമൊഴിവാക്കി കഴിവതും ലളിതമായി നടത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. സമ്മേളന പ്രതിനിധികള്‍ക്ക് മുന്‍കാലങ്ങളില്‍ നല്കിയിരുന്നതുപോലെ വിലകൂടിയ ബാഗുകളും മറ്റും നല്‍കരുതെന്നും ഭക്ഷണവിഭവങ്ങളുടെ കാര്യത്തില്‍ മിതത്വം പാലിക്കണമെന്നുമുള്ള പ്രത്യേക നിര്‍ദ്ദേശവും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: