കൊല്ലം: ദേവസ്വംബോര്‍ഡ് സദ്യാലയങ്ങള്‍ ലേലം ചെയ്തുനല്‍കാനുള്ള നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം. ക്ഷേത്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സദ്യാലയങ്ങള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ബോര്‍ഡ് അധികൃതര്‍ ലേലനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇന്നലെ കൊല്ലം നഗരത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ നടക്കാനിരുന്ന ലേലം ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞു.
ശക്തികുളങ്ങര ആലാട്ടുകാവ്, കാവനാട് പൂവന്‍പുഴ എന്നീ ക്ഷേത്രങ്ങളിലാണ് സദ്യാലയങ്ങള്‍ ലേലം ചെയ്തുവില്‍ക്കാന്‍ നല്കാന് പരിശ്രമം നടന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ആലാട്ടുകാവിലും പന്ത്രണ്ടുമണിക്ക് പൂവന്പുഴയിലുമാണ് ലേലം നിശ്ചയിച്ചിരുന്നത്. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണസമിതി, ധര്മ്മജാഗരണ്വിഭാഗ്, ക്ഷേത്രോപോദേശകസമിതി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ഹിന്ദുഐക്യവേദി കൊല്ലം കോര്പ്പറേഷന് സമിതി ജനറല്‍സെക്രട്ടറി രാജേന്ദ്രബാബു, ഐക്യവേദി താലൂക്ക് വൈസ്പ്രസിഡന്റ് സന്തോഷ് ചപ്രായില്, മോഹനന് തെക്കേക്കാവ്, ആവണി അനന്തന്‍പിള്ള, എസ്. സുദര്ശനന്, ശിവപ്രസാദ്, രാജേഷ്, സജീവ്, ബി.പ്രസാദ്, രവീന്ദ്രന്‍നായര്‍, സരസ്വതിയമ്മ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഉദ്യോഗസ്ഥസംഘമാണ് ലേലനടപടികള്ക്കായെത്തിയത്. പലക്ഷേത്രങ്ങളിലും നാട്ടുകാരുടെ സഹകരണത്തോടെ ഭക്തജനങ്ങള്‍ നിര്‍മ്മിച്ച സദ്യാലയങ്ങളാണുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ചൂണ്ടിക്കാട്ടി. ഇത് പൊതുഇടങ്ങളാക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വകാര്യലോബിയുമായുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ക്ഷേത്രങ്ങളില്‍ നടക്കേണ്ട വിവാഹങ്ങള്‍ക്ക് പലതിനും സദ്യാലയങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അനുമതി നല്‍കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരുക്ഷേത്രത്തിലെയെങ്കിലും സദ്യാലയം മികവുള്ളതാക്കിത്തീര്ക്കാനുള്ള നടപടിയെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കില് ഈ അവസ്ഥ സംജാതമാകുമായിരുന്നില്ലെന്ന് തെക്കടം പറഞ്ഞു. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നിത്യവും അന്നദാനം നടതതുന്ന ക്ഷേത്രങ്ങളുണ്ട്.
വിശേഷാവസരങ്ങളില്‍ മഹാ അന്നദാനങ്ങളും നടക്കാറുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വികലമായ ഇത്തരം നടപടികള്‍ മൂലം അവയെല്ലാം മുടങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സദ്യാലയം സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാനുണ്ടായ ശ്രമം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലേലം ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ചേരാത്ത രീതിയില്‍ സദ്യാലയം ഉപയോഗിക്കാനിടയാകുകയും ചെയ്യുമെന്ന് തെക്കടം സുദര്ശനന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: