രാമമന്ത്രം മുഴങ്ങുന്ന രാമേശ്വരം തീരത്തുനിന്നും കടലിന്റെ മക്കള്‍ പാലക്കാടന്‍ ഗ്രാമത്തിലെ ‘സ്നേഹ’ത്തിലെത്തിയത് ശാന്തിദൂതനെ നേരില്‍ കാണുന്നതിനായിരുന്നു. കടലാഴങ്ങളിലെന്നപോലെ ആണ്ടുപോയ തങ്ങളുടെ ജീവിതത്തെ വീണ്ടെടുത്ത സന്യാസിയില്‍ നിന്നും ആശിര്‍വാദം ഏറ്റുവാങ്ങാന്‍. വാക്കുകള്‍ക്കും വൈകാരിക പ്രകടനങ്ങള്‍ക്കുമപ്പുറം തങ്ങളെത്തന്നെ ഹൃദയം കൊണ്ട് സമര്‍പ്പിച്ചാണ് അവര്‍ ആശ്രമത്തില്‍ നിന്നും മടങ്ങിയത്.
ആത്മീയതയാണ് ലോകത്തിന് ഭാരതത്തിന്റെ പ്രമുഖ സംഭാവന. ലോകസമാധാനത്തിന് ആത്മീയാചാര്യന്മാര്ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നതിന്റെ ഉത്തരമാണ് പാലക്കാട് മുതലമടയിലെ സ്നേഹം ആശ്രമം.
സംഘര്‍ഷത്തിന്റെ സാധ്യതകള്‍ക്ക് വിരാമമിട്ട് സമാധാനത്തിന്റെ പാതയിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തുന്ന ആത്മീയ തേജസ്സിനെ നിങ്ങള്‍ക്കവിടെ കാണാം. ശ്രീലങ്കയില്‍ വധശിക്ഷവിധിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ എണ്‍പതോളം തമിഴ് മത്സ്യത്തൊഴിലാളികളാണ് ആശ്രമത്തിന്റെയും സ്വാമിയുടേയും ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശ്രീലങ്കയിലെ അശാന്തിയുടെ നാളുകള്‍ പിന്നിട്ട് ശാന്തിയുടെ തീരത്തേക്ക് അവര്‍ തുഴഞ്ഞെത്തിയത് സ്വാമിയുടെ വിജയമായിരുന്നു. അതിന്റെ പിന്നിലെ പരിശ്രമം ഇങ്ങനെ…
ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ ശ്രീലങ്കയില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ ഭാരതത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു സ്വാമി സുനില്‍ദാസ്. 2012 മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീലങ്കന്‍ പ്രസിഡണ്ടായിരുന്ന മഹീന്ദ രജപക്സെ ആയിരുന്നു. ഭാരത മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ തടവിലാക്കപ്പെട്ട വിഷയം സമ്മേളനങ്ങളില്‍ സ്വാമി രജപക്സെയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം നടന്ന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു. അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ എഴുപതിലധികം തമിഴ് മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക ജയിലില്‍ അടച്ചിരുന്നത്. 2011 സപ്തംബര്‍ 27ന് മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് അഞ്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്ക് ശ്രീലങ്കയിലെ പരമോന്നത കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. തീര്‍ത്തും ദരിദ്രാവസ്ഥയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അറസ്റ്റിനെത്തുടര്‍ന്ന് അനുഭവിക്കുന്ന വിഷമതകള്‍ സ്വാമി പ്രസിഡണ്ടിനെ ധരിപ്പിച്ചു. ലോകസമാധാനത്തിനുള്ള നടപടികള്‍ വ്യക്തിയില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് സ്വാമി ചൂണ്ടിക്കാട്ടി. കുടുംബങ്ങളില്‍ ശാന്തി ഉണ്ടായാല്‍ മാത്രമേ സമൂഹത്തില്‍ സമാധാനം ഉണ്ടാകൂ. സമൂഹത്തിന്റെ സമാധാനമാണ് രാജ്യത്തിന്റെ സമാധാനം. മത്സ്യത്തൊഴിലാളികളുടെ വിഷയം ഭാരതവും ശ്രീലങ്കയും തമ്മിലുള്ള സമാധാന ബന്ധത്തെ നിര്‍ണയിക്കുന്നതാണെന്നും സ്വാമി പറഞ്ഞു. വിഷയത്തില്‍ അടിയന്തിര നടപടി ഉണ്ടാവുമെന്ന രജപക്സെയുടെ ഉറപ്പോടുകൂടിയാണ് ചര്‍ച്ച അവസാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ശ്രീലങ്കന്‍ മുന്‍ മന്ത്രി പ്രഭാഗണേശന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം മുതലമട ആശ്രമത്തിലെത്തി.
അന്താരാഷ്ട്ര രംഗത്തുതന്നെ മാതൃകയാകുന്ന നീക്കത്തിന് ആശ്രമം വേദിയായി. സ്വാമിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രഭാഗണേശനു പുറമെ ശ്രീലങ്കന്‍ എംപി ഷാദ്രലിംഗം ശ്രീനിമല്, പാര്‍ലമെന്ററി സെക്രട്ടറി സുരേഷ് ഗംഗാധരന്, തമിഴ്നാട് തീരദേശ യന്ത്രവത്കൃത ബോട്ട് മത്സ്യത്തൊഴിലാളി വെല്‍ഫെയര്‍ അസോസിയേഷന് ഉപദേഷ്ടാവ് എന്‍.ദേവദാസ്, ജനറല്‍ സെക്രട്ടറി എന്‍.ജെ.ബോസ്, രാമേശ്വരം ജില്ലാപ്രസിഡണ്ട് എസ്.ജെ.അല്‍ഫോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്നാട്ടില്‍ ഒന്നരക്കോടിയോളം കുടുംബങ്ങളാണ് മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നത്. തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ബോട്ട് പിടിച്ചെടുത്തതിനാല്‍ പട്ടിണിയിലാണെന്നും സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ അനുകൂല വാര്ത്തയെത്തുമെന്നായിരുന്നു പ്രഭാഗണേശന്റെ ഉറപ്പ്.
പ്രാര്‍ത്ഥനയും കാത്തിരിപ്പും വെറുതെയായില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേരൊഴികെ 76 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ ജയിലില്‍ നിന്നും ഭാരതതീരമണഞ്ഞു. ആശ്രമത്തിന്റെ ഇടപെടല്‍ ആഹ്ലാദത്തിന് വകനല്‍കിയെങ്കിലും വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ മോചനം സാധ്യമാകാത്തത് സ്വാമിയെ അസ്വസ്ഥനാക്കി. സാധാരണനിലയില്‍ പരിഹരിക്കുന്നതിന് അപ്പുറമായിരുന്നു വിഷയം. കോടതി വധശിക്ഷക്ക് വിധിച്ചവരെ വിട്ടയക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ശ്രീലങ്ക ഭയന്നു. എന്നാല്‍ സ്വാമി ശ്രമം ഉപേക്ഷിച്ചില്ല. മത്സ്യത്തൊഴിലാളികളുടെ നിരപരാധിത്വം തെളിയിച്ചും കോടതിവിധിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയും പ്രസിഡണ്ടിന് കത്തയച്ചു. ശ്രീലങ്കക്കെതിരെ തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന വികാരവും കത്തില്‍ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പോലും ഉലച്ചിരുന്നു തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകള്‍. ശ്രീലങ്ക തമിഴ് വംശജരുടേയും ഭാരതത്തിന്റേയും സുഹൃത്താണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സ്വാമി കത്തില്‍ ചൂണ്ടിക്കാട്ടി. അഞ്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സന്ദര്‍ശിച്ച സ്വാമി എല്ലാ പിന്തുണയും നല്കി ആശ്വസിപ്പിച്ചു.
കേന്ദ്രത്തിലെ ഭരണമാറ്റം അനിശ്ചിതാവസ്ഥക്ക് അറുതിയിട്ടു. ദേശീയവീക്ഷണമുള്ള സര്‍ക്കാരും പ്രധാനമന്ത്രിയും അധികാരത്തിലെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കി. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി, രജപക്സെയുമായി നടത്തിയ സംഭാഷണത്തില്‍ സാധ്യതയുടേയും സഹകരണത്തിന്റേയും പുതുവഴികള്‍ തുറന്നു. പ്രസിഡണ്ടിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അഞ്ച് മത്സ്യത്തൊഴിലാളികളെയും വിട്ടയക്കാന്‍ രജപക്സെ തീരുമാനിച്ചു. സന്തോഷവാര്‍ത്ത സ്വാമിയെ വിളിച്ചറിയിച്ചത് ശ്രീലങ്കന്‍ മന്ത്രിയായിരുന്ന പ്രഭാ ഗണേശാണ്. മത്സ്യത്തൊഴിലാളികളായ എമേഴ്സണ്‍, പി.ഒഗസ്റ്റസ്, ആര്.വില്‍സണ്‍, കെ.പ്രശാന്ത്, ജെ.ലാംഗ്ലെറ്റ് എന്നിവര്‍ മൂന്നുവര്‍ഷത്തെ വേട്ടയാടപ്പെട്ട ജീവിതം തിരകള്‍ക്കു പിന്നില്‍ തള്ളി രാമേശ്വരത്തെ തീരത്ത് വന്നിറങ്ങി. പ്രത്യുപകാരമായി ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഭാരതവും വിട്ടയച്ചിരുന്നു.
മത്സ്യത്തൊഴിലാളികളുടെ മോചനം തമിഴ്നാട്ടില്‍ രാഷ്ട്രീയ വിഷയമായി കത്തിപ്പടരുന്നതിനിടെയായിരുന്നു സ്വാമിയുടെ ഇടപെടല്‍. അതിവൈകാരികതയിലൂന്നിയ തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് സംസ്ഥാനത്തെമ്പാടും ആളിക്കത്തിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി. സഹനസമരത്തിന്റേയും ശാന്തിയുടേയും മന്ത്രമായി പ്രതിഷേധചൂളയിലേക്കാണ് സ്വാമി ഇറങ്ങിച്ചെന്നത്. അസഹിഷ്ണുതയില്‍ നിന്നും സഹിഷ്ണുതയിലേക്ക് തമിഴ്ജനതയെ കൈപിടിച്ച് നടത്തി.
മത്സ്യത്തൊഴിലാളികളുടെ മോചനം നാടിന്റെ വിജയമായിത്തന്നെ തമിഴ്നാട് ആഘോഷിച്ചു. രാമേശ്വരത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത മഹാസമ്മേളനത്തില്‍ സ്വാമിക്ക് തമിഴ്ജനത ആദരവര്‍പ്പിച്ചു. മോചനം സാധ്യമാക്കിയതു മാത്രമല്ല ശ്രീലങ്കയോടുള്ള തമിഴ്ജനതയുടെ മനോഭാവത്തില്‍ കാതലായ മാറ്റംവരുത്താനും സംഭവം ഉപകരിച്ചു. ശ്രീലങ്കയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ ആയുധം മത്സ്യത്തൊഴിലാളികളുടെ മോചനമായിരുന്നു. പ്രചാരണങ്ങളില്‍ നിറഞ്ഞുനില്ന്നത് സ്വാമിയുടെ ചിത്രവും.
സമൂഹത്തിന് ‘സ്നേഹ’ ചികിത്സ
സേവനം പ്രാര്‍ത്ഥനയാണെന്ന തിരിച്ചറിവാണ് സ്നേഹം ആശ്രമം സമൂഹത്തിന് നല്‍കുന്നത്. അര്‍ഹിക്കുന്ന അവസാന ആളിലേക്കും സേവനം എത്തിച്ചേരണമെന്ന് നിര്‍ബന്ധമുണ്ട് സ്വാമിക്ക്. സമൂഹം അവമതിക്കുകയും അവഗണിക്കുകയും ചെയ്യുന്ന എയ്ഡ്സ് രോഗികള്‍ക്കാണ് ആശ്രമം സ്നേഹം പകര്ന്നുനല്കുന്നത്. സേവനമേഖലയില്‍പോലും അരികിലാക്കപ്പെട്ട വിഭാഗത്തിന് പുതിയജീവിതം സാധ്യമാക്കുന്നിടത്താണ് സ്നേഹം വ്യത്യസ്തമാകുന്നത്. 350 കുട്ടികള്‍ ഉള്‍പ്പടെ 1500ഓളം എയ്ഡ്സ് രോഗികള്‍ക്ക് ഇന്ന് ആശ്രയമാണ് ആശ്രമം. സാമ്പത്തിക സഹായം നല്കുന്നതിനോടൊപ്പം സ്വയംതൊഴിലിനായി അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നു. രാജ്യത്ത് ആദ്യമായി രണ്ട് എയ്ഡ്സ് രോഗികള്‍ തമ്മിലുള്ള വിവാഹം നടന്നത് ആശ്രമത്തിലാണ്.
എം.എന്‍.വിജയന്, സുകുമാര്‍ അഴീക്കോട്, ഒ.വി.വിജയന് തുടങ്ങിയ സാംസ്കാരിക നായകന്മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കാല്‍നൂറ്റാണ്ടായി 29 കുഷ്ഠരോഗികളെ സംരക്ഷിച്ചുവരുന്നുണ്ട്. ഇതിനുപുറമെ ചികിത്സാ രംഗത്തും വിദ്യാഭ്യാസരംഗത്തും ആശ്രമത്തിന്റെ സേവനം വ്യാപിച്ച് കിടക്കുന്നു. സൗജന്യ ഡയാലിസിസും അന്നദാനവും നടത്തിവരുന്നു. കേരളത്തിന് പുറത്തും ആശ്രമം സ്നേഹത്തിന്റെ കരങ്ങള്‍ നീട്ടി. അന്തര്‍ ദേശീയതലത്തിലും വ്യക്തമായ മേല്‍വിലാസം ഉണ്ടാക്കാന്‍ ആശ്രമത്തിന് സാധിച്ചു.
നിരവധി ബഹുമതികളും ആശ്രമത്തേയും സ്വാമി സുനില്‍ദാസിനേയും തേടിയെത്തി. മൈസൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാന ഗുരുവാണ് സ്വാമി സുനില്‍ദാസ്. പ്രസിദ്ധമായ ദസറ ആഘോഷങ്ങള്‍ക്കും കാര്‍മികത്വം വഹിക്കുന്നതും സ്വാമിയാണ്. ചിക്കാഗോയില്‍ നിന്നും വിശ്വവിജയിയായി മടങ്ങിയെത്തിയ സ്വാമി വിവേകാനന്ദന് ആദ്യസ്വീകരണം നല്‍കിയത് മൈസൂര്‍ രാജാവായിരുന്നു. അന്ന് വിവേകാനന്ദന് ഉപയോഗിച്ച സിംഹാസനത്തില്‍ ഇരുന്നാണ് സ്വാമി ദസറ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായാണ് സ്വാമി സുനില്‍ദാസ് ഇതിനെ കാണുന്നത്. സ്വാമി രൂപപ്പെടുത്തിയ മെഡിറ്റേഷന്‍ പദ്ധതിയായ ‘ഹാര്‍ട്ട് ഓഫ് ലൗ’ യുഎന്‍ അംഗീകാരത്തിനും അര്‍ഹത നേടി. 2012 ജനുവരിയില്‍ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഇതിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചത് മൗറീഷ്യസ് പ്രസിഡണ്ട് കൈലാഷ് പുര്യാഗ് ആണ്. 33 രാജ്യങ്ങളിലെ മന്ത്രിമാര്‍, യുഎഇ ഭാരത അംബാസിഡര്‍ എന്നിവര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
സേവനത്തിന്റെ മൂര്‍ത്തീഭാവമായ സായിബാബയോടുള്ള ആരാധനയാണ് സ്നേഹം ആശ്രമത്തിന്റെ പിറവിക്ക് പിന്നില്‍. അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ പുട്ടപര്‍ത്തിയിലെത്തി സായിബാബയെ കാണാനുള്ള ഭാഗ്യമുണ്ടായി സുനില്‍ദാസിന്. പഠനത്തിന് ശേഷം ബാബയുടെ വഴി തന്നെ തിരഞ്ഞെടുത്തു. സ്നേഹവും സേവനവും കൊണ്ട് ലോകം കീഴടക്കാന്‍ പഠിപ്പിച്ച സായിബാബയുടെ അനുഗ്രഹമാണ് ആശ്രമത്തിന്റെയും സ്വമിയുടെയും വഴികാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: